കാലിക്കറ്റ് കാമ്പസില്‍ ഗവര്‍ണര്‍ക്കെതിരെ എസ്.എഫ്.ഐ പോസ്റ്റര്‍; പൊലീസ് അതീവ ജാഗ്രതയില്‍

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ ഗവര്‍ണര്‍ക്കെതിരെ പോസ്റ്ററുകള്‍ പതിച്ച് എസ്.എഫ്.ഐ. 'ഞങ്ങള്‍ക്ക് ചാന്‍സലറെയാണ് ആവശ്യം ! സവര്‍ക്കറെയല്ല, ചാന്‍സലര്‍ ആരാ രാജാവോ ? ആര്‍എസ്എസി -ന്‍ നേതാവോ?,ശാഖയില്‍ പഠിച്ചത് ശാഖയില്‍ മതി! സര്‍വകലാശാലയില്‍ വേണ്ട, ചാന്‍സലര്‍ കാമ്പസിനകത്ത് , സവര്‍ക്കര്‍ കാമ്പസിന് പുറത്ത് ' എന്നീ തലക്കെട്ടുകളില്‍ എഴുതിയ പോസ്റ്ററുകളാണ് വെള്ളിയാഴ്ച വൈകീട്ടോടെ കാമ്പസില്‍ പ്രതൃക്ഷപ്പെട്ടത്.

സര്‍വകലാശാല പ്രവേശന കവാടം മുതല്‍ പരീക്ഷാഭവന്‍ വരെയുള്ള മേഖലയിലാണ് പോസ്റ്ററുകള്‍ സ്ഥാപിച്ചത്. സര്‍വകലാശാലകളെ സംഘപരിവാര്‍ താല്‍പ്പര്യപ്രകാരം ഗവര്‍ണര്‍ കാവിവത്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് സമരരംഗത്തുള്ള എസ്.എഫ്.ഐ ശനിയാഴ്ച ഗവര്‍ണര്‍ കാമ്പസിലെത്തുന്ന സാഹചര്യത്തിലാണ് പോസ്റ്ററുകള്‍ പതിച്ചത്. സാഹചര്യം സങ്കീര്‍ണ്ണമായതോടെ എസ്.എഫ്.ഐ നേത്യത്വം സി.പി.എം നേതാക്കളുമായി വെള്ളിയാഴ്ച കൂടിയാലോചന നടത്തി.

ഗവര്‍ണര്‍ കടുത്ത നിലപാടിലായതിനാല്‍ സര്‍ക്കാറിന്റെ പ്രതിച്ഛായയെ ബാധിക്കാത്ത വിധത്തില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യണമെന്ന നിര്‍ദേശമാണ് സി.പി.എം നേത്യത്വത്തില്‍ നിന്ന് ഉണ്ടായതെന്നാണ് വിവരം. അതിനാല്‍ അതിരുകടന്ന പ്രതിഷേധ സമരത്തിന് പൊലീസ് സാധ്യത കാണുന്നില്ലെങ്കിലും അതീവ ജാഗ്രതയില്‍ തന്നെ തുടരാനാണ് തീരുമാനം. കനത്ത സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ മുതല്‍ തന്നെ പൊലീസ് ഉദ്യോഗസ്ഥരെ കാമ്പസിലും പരിസര പ്രദേശങ്ങളിലുമായി നിയോഗിക്കും. ആറ് സി.ഐമാര്‍ ഉള്‍പ്പെടെ 300 ഓളം പൊലീസ് ഉദ്യോഗസ്ഥര്‍ സുരക്ഷാ ഡ്യൂട്ടിയിലുണ്ടാകാനാണ് സാധ്യത.സുരക്ഷാ പാളിച്ച ഉണ്ടാകാതിരിക്കാന്‍ പഴുതടച്ച ക്രമീകരണങ്ങള്‍ ഒരുക്കുന്ന തിരക്കിലാണ് പൊലീസ്. കൊണ്ടോട്ടി ഡി.വൈ.എസ്.പി മൂസ വള്ളിക്കാടന്‍, ക്രൈം ബ്രാഞ്ച് ഡിവൈഎസ്.പി ഗംഗാധരന്‍ എന്നിവര്‍ക്കാണ് സുരക്ഷാചുമതല.

Tags:    
News Summary - SFI poster against governor in Calicut campus; Police are on high alert

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.