തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല കാമ്പസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്.എഫ്.ഐ ഉപരോധ സമരം തുടങ്ങി. ഗവർണർ താമസിക്കാനെത്തുന്ന സർവകലാശാല ഗസ്റ്റ്ഹൗസ് ഉപരോധിച്ചാണ് സമരം. കരിങ്കൊടികളേന്തി 500 ഓളം വിദ്യാർഥികളാണ് സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയുടെ നേതൃതത്വത്തിൽ സമരം തുടങ്ങിയത്.
സർവകലാശാല പ്രവേശന കവാട ഭാഗത്ത് നിന്ന് ഒരുവിഭാഗം എസ്.എഫ്.ഐ പ്രവർത്തകരും മറുവശത്ത് നിന്ന് മറ്റൊരു വിഭാഗവും പ്രകടനവുമായി എത്തിയാണ് സമരം തുടങ്ങിയാണ്.
ഗവർണർ എത്തുംമുമ്പ് വിദ്യാർഥികളെ അറസ്റ്റ് ചെയ്ത് നീക്കാനാണ് പൊലീസിന്റെ ശ്രമം. എന്നാൽ റോഡ് മുഴുവനായി ഉപരോധിച്ച് ഗവർണർ ഗസ്റ്റ്ഹൗസിൽ പ്രവേശിക്കുന്നത് തടയാനാണ് എസ്.എഫ്.ഐ നീക്കം. പൊലീസ് അറസ്റ്റിലേക്ക് നീങ്ങിയാൽ സംഘർഷസാധ്യതയുണ്ട്.
ഗവർണർ സർവകലാശാലയിൽ എത്തും മുമ്പ് പൊലീസ് കനത്ത കാവലൊരുക്കിയിരുന്നു. മലപ്പുറം ജില്ലയിലെ ഒട്ടുമിക്ക പൊലീസ് സ്റ്റേഷനുകളിൽ നിന്നും പാലക്കാട്, തൃശൂർ ജില്ലകളിൽ നിന്നുമായി 500 ഓളം പൊലീസ് ഉദ്യോഗസ്ഥരെയാണ് ശനിയാഴ്ച്ച സർവകലാശാല കാമ്പസിൽ വിന്യസിച്ചത്.സർവകലാശാല പ്രധാന പ്രവേശന കവാടം, ഗവർണർ താമസിക്കുന്ന ഗസ്റ്റ് ഹൗസ് എന്നിവിടങ്ങളിലാണ് കൂടുതൽ പോലീസ് സേനയെ നിയോഗിച്ചത്. കൊണ്ടോട്ടി ഡി.വൈ.എസ്.പി മൂസ വള്ളിക്കാടൻ, സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ഗംഗാധരൻ എന്നിവരുടെ നേതൃത്വത്തിലാണ് സേനാ വിന്യാസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.