രമ്യ ഹരിദാസ് എം.പിക്ക് എസ്.എഫ്.ഐ പ്രവർത്തകരുടെ വധഭീഷണി; കാറിൽ കരിങ്കൊടി കെട്ടി

വെഞ്ഞാറമൂട്: ആലത്തൂർ എം.പിയും മഹിള കോൺഗ്രസ് നേതാവുമായ രമ്യ ഹരിദാസിന് നേരെ എസ്.എഫ്.ഐ പ്രവർത്തകരുടെ വധഭീഷണി. തിരുവനന്തപുരത്ത് നിന്ന് കോട്ടയം ചങ്ങനാശേരിയിലേക്ക് പോകും വഴി വെഞ്ഞാറമൂടിൽവെച്ചാണ് സംഭവം.

വെഞ്ഞാറമൂട് ടൗണിൽ ധർണ നടത്തുകയായിരുന്ന എസ്.എഫ്.ഐ പ്രവർത്തകർ എം.പിയുടെ വാഹനത്തിന് നേരെ ആക്രമിക്കുകയും കരിങ്കൊടി കാട്ടുകയുമായിരുന്നു. വാഹനത്തിന്‍റെ ബോണറ്റിൽ അടിച്ച എസ്.എഫ്.ഐ പ്രവർത്തർ ഒരു കോൺഗ്രസുകാരും ഇതുവഴി പോകേണ്ടെന്ന് ഭീഷണിപ്പെടുത്തി.

വാഹനത്തിന്‍റെ വൈപ്പറിൽ കരിങ്കൊടി കെട്ടുകയും രമ്യയെ അസഭ്യം പറയുകയും ചെയ്തു. തന്നെ കൊല്ലുമെന്ന് ആക്രമിച്ചവർ ഭീഷണിപ്പെടുത്തിയതായി രമ്യ ഹരിദാസ് മാധ്യമങ്ങളോട് പറഞ്ഞു.

ഇരട്ടക്കൊലപാതകം നടന്ന വെഞ്ഞാറമൂടിൽ 'കണ്ണടക്കുന്ന മാധ്യമങ്ങൾ' എന്ന വിഷയത്തിൽ എസ്.എഫ്.ഐയുടെ പരിപാടി നടന്നുകൊണ്ടിരിക്കെയാണ് എം.പി‍യുടെ വാഹനം കടന്നു പോയത്. സ്ഥലത്തുണ്ടായിരുന്ന പൊലീസ് സംഘമെത്തിയാണ് ആക്രമിച്ചവരെ തടഞ്ഞത്. പൊലീസ് സ്റ്റേഷനിലെത്തി രമ്യ നൽകി പരാതിയിൽ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.