രാഷ്ട്രീയ വൈരം മറന്ന് ഒരു കോവിഡ് കാല ആശംസ; 'എ.എ റഹീമിന് രോഗം ഉണ്ടാകാതിരിക്കട്ടെ'യെന്ന് ഷാഫി പറമ്പിൽ

തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ കാലത്ത് രാഷ്ട്രീയവൈരം മറന്ന് അസാധാരണമായ ആശംസയുമായി പാലക്കാട് എം.എൽഎ ഷാഫി പറമ്പിൽ. 'ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിന് കോവിഡ് ഉണ്ടാകാതിരിക്കട്ടെ' എന്നാണ് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയുടെ ആശംസ. 

ഏത് ദുരിത കാലമായാലും പൊതുപ്രവർത്തകർക്ക് സ്വന്തം കാര്യം മാത്രം നോക്കി തങ്ങളിലേക്ക് ഒതുങ്ങാനാവില്ല. സേവന പ്രവർത്തനങ്ങളിൽ വ്യാപൃതരാവുക എന്നത് ഒരു പൊതുപ്രവർത്തകന്‍റെ ജീവിതത്തിന്‍റെ ഭാഗമാണ്. അങ്ങനെയുള്ളവർക്ക് രോഗിയുമായി സമ്പർക്കമുണ്ടാകാനും ക്വാറന്‍റീനിൽ പോകാനുമെല്ലാം സാധ്യതയും കൂടുതലാണ്. എ.എ റഹീമും മറ്റുള്ളവർക്കും രോഗമുണ്ടാകാതിരിക്കട്ടെയെന്നും അവർക്ക് എത്രയും പെട്ടെന്ന് കോവിഡ് കാലത്തെ അതിജീവന പ്രവർത്തനങ്ങളിൽ സജീവമാകുവാൻ കഴിയട്ടെയെന്നുമാണ് ഷാഫി പറമ്പിലിന്‍റെ ആശംസ.

ഓഫിസ് ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സംസ്ഥാന സെക്രട്ടറി എ.എ റഹീമും മറ്റ് ആറ് പേരും ഞായറാഴ്ചയാണ് ക്വാറന്‍റീനിൽ പ്രവേശിച്ചത്. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

കോവിഡ് എന്നല്ല ഏത് ദുരിത കാലത്തും സ്വന്തം സുരക്ഷിതത്വം മാത്രം നോക്കി, തങ്ങളിലേക്ക് തന്നെ ഒതുങ്ങുവാൻ ഒരു പൊതു പ്രവർത്തകനും, പ്രസ്ഥാനത്തിനും സാധിക്കുകയില്ല. അത്തരം പ്രതിസന്ധികളുടെയൊക്കെ കാലത്ത് പൊതുസമൂഹം സഹായത്തിനായി ആദ്യം തിരയുക പൊതുപ്രവർത്തകരെ തന്നെ ആയിരിക്കാം. അപ്പോൾ സ്വന്തം കാര്യമോ കുടുംബത്തിന്റെ കാര്യമോ ചിന്തിച്ച് വ്യാകുലപ്പെടാതെ സേവന പ്രവർത്തനങ്ങളിൽ വ്യാപൃതരാവുക എന്നത് ഒരു പൊതുപ്രവർത്തകന്റെ ജീവിതത്തിന്റെ ഭാഗമാണ്.

മറ്റ് ദുരന്തങ്ങളിൽ നിന്നും വ്യത്യസ്തമായി കോവിഡ് കാലത്ത് ജന സേവനങ്ങളിൽ വ്യാപൃതരാകുമ്പോൾ, രോഗം വരാനും ചുരുങ്ങിയത് രോഗിയുമായി ഇടപഴകുവാനുമുള്ള സാധ്യത വളരെ കൂടുതലാണ്. അത്തരത്തിൽ രോഗത്തോട് അല്ലെങ്കിൽ രോഗിയോട് എക്സ്പോസ്ഡ് ആകുമ്പോൾ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ക്വാറന്റൈനിൽ പോവുകയെന്നത് സാധാരണമാണ്.

DYFI സംസ്ഥാന കമ്മിറ്റി ഓഫീസിലെ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിൽ ഓഫീസ് അടച്ച്, സംസ്ഥാന സെക്രട്ടറി റഹീം അടക്കം 6 പേർ ക്വാറൻ്റൈനിലായതായി അറിഞ്ഞു. അവർക്ക് രോഗം ഉണ്ടാകാതിരിക്കട്ടെയെന്നും, എത്രയും പെട്ടെന്ന് അവർക്ക് പൊതുപ്രവർത്തന പഥത്തിലേക്ക് തിരിച്ചെത്തി, കോവിഡ് കാലത്തെ അതിജീവന പ്രവർത്തനങ്ങളിൽ വീണ്ടും സജീവമാകുവാൻ കഴിയട്ടെയെന്നും ആശംസിക്കുന്നു.

Full View
Tags:    
News Summary - Shafi parambil-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.