തിരുവനന്തപുരം: സേവ് കേരള മാർച്ചിൽ പങ്കെടുത്തതിന് അറസ്റ്റിലായി ജയിലിൽ കഴിഞ്ഞ യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ്, മോചിതനായ ഉടൻ എത്തിയത് ബജറ്റിലെ നികുതി വർധനക്കെതിരായ സമരത്തിൽ പങ്കെടുക്കാൻ. നിയമസഭ കവാടത്തില്‍ അനിശ്ചിത കാല സത്യാഗ്രഹം നടത്തുന്ന പ്രതിപക്ഷ എം.എല്‍.എമാര്‍ക്കൊപ്പമാണ് ഫിറോസ് സമരത്തിൽ പങ്കെടുത്തത്.
‘ജയിലിൽ നിന്നിറങ്ങി നേരെ സത്യാഗ്രഹ സമര വേദിയിൽ. ജനവിരുദ്ധ ഭരണകൂടങ്ങളുടെ നെറികേടുകൾക്കെതിരെ പോരാട്ടം നിലയ്ക്കുന്നില്ല... PK Firos 👍🏻’ എന്ന അടിക്കുറിപ്പോടെ ഷാഫി പറമ്പിൽ എം.എൽ.എ ഫിറോസിനൊപ്പമുള്ള ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവെച്ചു.
പൊലീസ് മർദനവും കള്ളക്കേസും ജയിലും കണ്ടാൽ ഇല്ലാതാവുന്നതാണോ യൂത്ത് ലീഗിന്റെ പ്രതിഷേധങ്ങളെന്ന കാര്യം വരും ദിവസങ്ങളിൽ കാത്തിരുന്നു കാണാവുന്നതാണെന്ന് പി.കെ. ഫിറോസ് പറഞ്ഞു. ‘സാധാരണക്കാർ നേരിടുന്ന പ്രശ്നങ്ങൾ ഉന്നയിച്ചതിന്റെ പേരിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇല്ലാത്ത കുറ്റങ്ങൾ ചാർത്തിയാണ് ഞങ്ങളെ ജയിലിലടച്ചത് എന്നതിൽ അഭിമാനം മാത്രമേയുള്ളൂ. ബജറ്റിലെ ജനവിരുദ്ധ നയങ്ങൾ പിൻവലിക്കുന്നത് വരെ ഇനി വിശ്രമമില്ലാത്ത നാളുകളാണ്. കൂടെയുണ്ടാകണം...’ -അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
ജാമ്യം നേടി ഇന്ന് പുറത്തിറങ്ങി..
ഒരാഴ്ച മുമ്പ് എന്റെ സഹപ്രവർത്തകരായ 28 പേർ ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. സാധാരണക്കാർ നേരിടുന്ന പ്രശ്നങ്ങൾ ഉന്നയിച്ചതിന്റെ പേരിലാണ് പോലീസ് അറസ്റ്റ് ചെയ്ത്. ഇല്ലാത്ത കുറ്റങ്ങൾ ചാർത്തിയാണ് ഞങ്ങളെ ജയിലിലടച്ചത് എന്നതിൽ അഭിമാനം മാത്രമേയുള്ളൂ.
പ്രതിഷേധങ്ങൾ ഉയർന്നിട്ടും നാണം അൽപ്പം പോലും തോന്നാതെ ഇന്ധനത്തിന് സെസ്സും വെള്ളത്തിനും വൈദ്യുതിക്കുമൊക്കെ വിലകൂട്ടിയുമുള്ള ബജറ്റ് ഇടത് സർക്കാർ ഇതിനിടെ അവതരിപ്പിച്ചതായും അറിയാൻ കഴിഞ്ഞിട്ടുണ്ട്. പോലീസ് മർദ്ധനവും കള്ളക്കേസും ജയിലും കണ്ടാൽ ഇല്ലാതാവുന്നതാണോ യൂത്ത് ലീഗിന്റെ പ്രതിഷേധങ്ങളെന്ന കാര്യം വരും ദിവസങ്ങളിൽ കാത്തിരുന്നു കാണാവുന്നതാണ്.
സെക്രട്ടറിയേറ്റിലേക്ക് നടത്തിയ സേവ് കേരള മാർച്ചിൽ പങ്കെടുത്തവർ, തുടർ സമരങ്ങൾകൊണ്ട് കൂടെ നിന്നവർ എല്ലാവരോടും നന്ദി പറഞ്ഞവസാനിപ്പിക്കുന്നില്ല.
പ്രിയ സഹപ്രവർത്തകരെ,
ബജറ്റിലെ ജനവിരുദ്ധ നയങ്ങൾ പിൻവലിക്കുന്നത് വരെ ഇനി വിശ്രമമില്ലാത്ത നാളുകളാണ്. കൂടെയുണ്ടാകണം...
ജയിലിൽ നിന്നിറങ്ങിയതിന് ശേഷം എംഎൽഎമാരായ പ്രിയ സുഹൃത്തുകൾ ഷാഫി പറമ്പിൽ, നജീബ് കാന്തപുരം, മാത്യു കുഴൽ നാടൻ, സി.ആർ മഹേഷ് എന്നിവർ നിയമസഭാ കവാടത്തിന് മുന്നിൽ നടത്തുന്ന സമരത്തിന് അഭിവാദ്യമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.