പാനൂർ: എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ശൈലജക്കെതിരായ വ്യക്തി അധിക്ഷേപത്തിൽ ഇതുവരെ മുഖ്യമന്ത്രി നടപടി സ്വീകരിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കഴിഞ്ഞ മാസം 25നാണ് മുഖ്യമന്ത്രിക്കും തെരഞ്ഞെടുപ്പ് കമീഷനും ഡി.ജി.പിക്കും എസ്.പിക്കും എല്‍.ഡി.എഫ് ഇതേ പരാതി നല്‍കിയത്. എന്നാൽ, ഇതുവരെ നടപടി സ്വീകരിച്ചില്ലെന്നും സതീശൻ ചൂണ്ടിക്കാട്ടി.
സ്ത്രീകളെയോ എതിര്‍ സ്ഥാനാർഥികളെയോ അപമാനിക്കുന്നതിനെ യു.ഡി.എഫ് ഒരു കാലത്തും പ്രോത്സാഹിപ്പിച്ചിട്ടില്ല. ഇത്തരം കാര്യങ്ങള്‍ സി.പി.എമ്മാണ് ചെയ്യുന്നത്. വൈകാരികമായി തൊണ്ടയിടറി പറഞ്ഞെന്ന തരത്തില്‍ ഇപ്പോള്‍ വാര്‍ത്ത വരുത്തിക്കുകയാണ്. പരാതി നല്‍കിയിട്ടും എന്തുകൊണ്ടാണ് നടപടി എടുക്കാത്തതെന്ന് മുഖ്യമന്ത്രിയോടാണ് ചോദിക്കേണ്ടതെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
കെ.കെ. രമയെ ആസ്ഥാന വിധവയെന്ന് വിളിച്ച് ആക്ഷേപിച്ചപ്പോള്‍ കെ.കെ. ശൈലജയെയോ ബൃന്ദാ കാരാട്ടിനെയോ കണ്ടില്ല. ലതിക സുഭാഷിനെയും ഐ.സി.യുവില്‍ പീഡനത്തിന് ഇരയായ അതിജീവിതയെ വളഞ്ഞിട്ട് ആക്രമിച്ചപ്പോഴും സ്ത്രീപക്ഷവാദികളെ ആരെയും കണ്ടില്ല. കയ്യൂര്‍ സമരനായകനായ കണ്ണന്റെ കൊച്ചുമകള്‍ രാധക്കെതിരെ സി.പി.എമ്മുകാര്‍ നടത്തിയ അസഭ്യവര്‍ഷം നടത്തിയപ്പോഴും ആര്‍ക്കും പൊള്ളിയില്ല. ഉമ തോമസിനെയും ബിന്ദു കൃഷ്ണയെയും അരിത ബാബുവിനെയും രമ്യ ഹരിദാസിനെയും അധിക്ഷേപിച്ചില്ലേ?
വനിതാ മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെയാണ് സി.പി.എം ആക്ഷേപിച്ചതും ആക്രമിച്ചതും. ഇതൊന്നും യു.ഡി.എഫിന്റെയോ കോണ്‍ഗ്രസിന്റെയോ രീതിയല്ല. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ എതിര്‍ സ്ഥാനാർഥിക്കെതിരെ പ്രതിപക്ഷ നേതാവ് ദൃശ്യങ്ങള്‍ ഉണ്ടാക്കി പ്രചരിപ്പിച്ചെന്നാണ് മന്ത്രി പി. രാജീവ് ആരോപിച്ചത്. അതിന് ജനങ്ങള്‍ കൊടുത്ത മറുപടി കണ്ടല്ലോ. സ്വന്തം ജില്ല സെക്രട്ടറിയുടെ കട്ടിലിന്റെ അടിയില്‍ കാമറ വച്ച സി.പി.എമ്മുകാര്‍ എന്തും ചെയ്യാന്‍ മടിക്കില്ല. ഇതുപോലെയൊന്നും കോണ്‍ഗ്രസും യു.ഡി.എഫും അധഃപതിക്കില്ല.
ഷാഫി പറമ്പിലിന് വേണ്ടി പ്രകടനം നടത്തിയവര്‍ തൊഴിലുറപ്പ് തൊഴിലാളികളെ അധിക്ഷേപിച്ചു എന്നതാണ് മറ്റൊരു ആരോപണം. നവ കേരള സദസില്‍ ആളെ കൂട്ടാന്‍ തൊഴിലുറപ്പ് തൊഴിലാളികളെയും അങ്കണ്‍വാടി ജീവനക്കാരെയും ആശാ വര്‍ക്കര്‍മാരെയും സ്‌കൂള്‍ കുട്ടികളെയും ഭീഷണിപ്പെടുത്തി പങ്കെടുപ്പിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഞാനാണ് ആദ്യമായി ആരോപണം ഉന്നയിച്ചത്. ഇതുമായി ബന്ധപ്പെട്ട് എത്രയെത്ര ശബ്ദ സന്ദേശങ്ങളാണ് പുറത്തുവന്നത്. കോട്ടയത്ത് തോമസ് ചാഴിക്കാടന്റെ പ്രചരണത്തിന് പോകണമെന്ന് ആവശ്യപ്പെട്ട തൊഴിലുറപ്പ് തൊഴിലാളികളെ ഭീഷണിപ്പെടുത്തുന്നതിന്റെ വോയിസ് മെസേജുകളും പുറത്ത് വന്നിട്ടുണ്ട്.
ഞങ്ങളെ പേടിപ്പിച്ച് കൊണ്ടു വന്നതല്ലെന്നാണ് ഷാഫി പറമ്പിലിന്റെ പ്രകടനത്തിന് വന്നവര്‍ പറഞ്ഞത്. അത് എങ്ങനെയാണ് അപമാനിക്കലാകുന്നത്? വെണ്ണപാളികള്‍ ആയ സ്ത്രീകളുടെ സ്വീകരണത്തില്‍ സ്ഥാനാര്‍ഥി മയങ്ങിപ്പോയെന്നാണ് ജയരാജന്‍ പറഞ്ഞത്. ഇതാണ് സ്ത്രീവിരുദ്ധ നിലപാട്. ഉമ്മന്‍ ചാണ്ടിയുടെ പെണ്‍മക്കളെ കുറിച്ച് പുതുപ്പള്ളി തെരഞ്ഞെടുപ്പ് കാലത്ത് പറഞ്ഞതൊന്നും മറന്നു പോകരുത്. എന്തൊരു സ്ത്രീവിരുദ്ധ പ്രചരണമാണ് സി.പി.എം നടത്തുന്നത്. എത്ര വനിത മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേട്ടാല്‍ അറക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയത്. മാധ്യമ പ്രവര്‍ത്തകരെ ഹീനമായി അധിക്ഷേപിച്ച ആര്‍ക്കെങ്കിലും എതിരെ കേസെടുത്തോ? എല്‍.ഡി.എഫ് സ്ഥാനാർഥിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ കണ്ടെന്റ് ഉണ്ടാക്കലാണോ ഷാഫിയുടെ ജോലി?
തെരഞ്ഞെടുപ്പിന്റെ അവസാന ആഴ്ചയില്‍ പുതിയ സാധനവുമായി ഇറങ്ങിയിരിക്കുയാണ്. ഇതൊന്നും ഇവിടെ ഓടില്ല. പരാതി നല്‍കിയിട്ടും പൂഴ്ത്തി വച്ച പിണറായി വിജയനാണ് ഒന്നാം പ്രതി. പരാതി എവിടെയാണ് പൂഴ്ത്തിവച്ചതിനുള്ള മറുപടി പിണറായി വിജയനാണ് പറയേണ്ടത്. തെരഞ്ഞെടുപ്പിന്റെ അവസാനത്തെ ആഴ്ച കത്തിക്കാന്‍ കാത്തിരുന്നതാണെങ്കില്‍ നിങ്ങള്‍ തന്നെ പെട്ടുപോകുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.