തിരുവനന്തപുരം: 'നവഗുണ്ടാ സദസ്സി'നെതിരെ നടന്ന പ്രതിഷേധങ്ങളുടെ അസ്വസ്ഥത പിണറായി വിജയന് ഇനിയും മാറിയിട്ടില്ലെന്നും അതിന്റെ തെളിവാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് എന്നും ഷാഫി പറമ്പിൽ എം.എൽ.എ. സെക്രട്ടേറിയറ്റ് മാർച്ചിനിടെയുള്ള സംഘർഷവുമായി ബന്ധപ്പെട്ട് ഇന്ന് പുലർച്ചെ അടൂരിലെ വീട്ടിൽ നിന്നാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുത്തത്.
വീടുവളഞ്ഞുള്ള അറസ്റ്റ് പൊലീസിന്റെ ബോധപൂർവമായ പ്രകോപനമാണെന്നും പിണറായി വിജയന്റെ നേരിട്ടുള്ള നിർദേശമാണ് ഇക്കാര്യത്തിലുണ്ടായത് എന്ന് വ്യക്തമാണെന്നും ഷാഫി പറമ്പിൽ മാധ്യമങ്ങളോട് പറഞ്ഞു. അറസ്റ്റ് ചെയ്യാൻ വീട്ടിൽ വന്ന പൊലീസ് രാഹുലിന്റെ അമ്മയോട് പറഞ്ഞത് മുകളിൽ നിന്നുള്ള സമ്മർദം കൊണ്ടാണ് അറസ്റ്റ് ചെയ്യേണ്ടിവന്നത് എന്നാണ് ഇതിൽ നിന്ന് പിണറായി വിജയന്റെ അസ്വസ്ഥത വ്യക്തമാണെന്നും ഷാഫി പ്രതികരിച്ചു.
വീട് തുറന്ന് മുകളിൽ കിടന്നുറങ്ങുന്ന രാഹുലിന്റെ റൂമിന്റെ വാതിൽ മുട്ടി തുറന്ന് പിടികൂടാൻ മാത്രം എന്ത് അടിയന്തര സാഹചര്യമാണ് ഉണ്ടായതെന്ന് പിണറായി വിജയൻ വ്യക്തമാക്കണം. രാഹുൽ കൊലപാതകകേസിലെ പ്രതിയോ ഭീകരവാദിയോ ഒന്നുമല്ല, വിളിപ്പിച്ചാൽ വരുന്നയാളാണ്. കഴിഞ്ഞ ദിവസം വരെ ജനങ്ങൾക്കിടയിൽ ഉണ്ടായിരുന്നതാണ്. സ്കൂൾ കലോത്സവ നഗരിയിൽ വിദ്യാർഥികൾക്കൊപ്പം സജീവമായി ഉണ്ടായിരുന്നതാണ്. അറസ്റ്റായിരുന്നു ലക്ഷ്യമെങ്കിൽ അവിടെ വെച്ച് ആകാമായിരുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
ഇതുകൊണ്ടൊന്നും ഭയന്ന് പോകുമെന്ന് പിണറായി വിജയൻ മനസിലാക്കുന്നത് നല്ലതാണ്. ഞങ്ങൾ വാ മോനെ ആർഷോ..കരയല്ലേ കുഞ്ഞേ തുടങ്ങിയ താലോലിക്കൽ പ്രതീക്ഷിച്ച് സമരത്തിൽ പങ്കെടുത്തവരല്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.