ഗുരുതര ആരോപണങ്ങളുമായി ഷാരൂഖ് സെയ്‌ഫി; അപേക്ഷ എൻ.ഐ.എ കോടതി തള്ളി

കൊച്ചി: കോഴിക്കോട് എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്‌ഫിയുടെ അപേക്ഷ കോടതി തള്ളി. കൊച്ചി എൻ.ഐ.എ കോടതിയാണ് തള്ളിയത്.  എൻ.ഐ.എ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ അഭിഭാഷകരുമായി സംസാരിക്കണമെന്ന ആവശ്യമുൾപ്പെടെ കോടതി അംഗീകരിച്ചില്ല.

ഗുരുതര ആരോപണങ്ങളാണ് കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ ഷാരൂഖ് സെയ്ഫി ഉന്നയിച്ചത്. നോട്ടീസിലാതെ തന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ദിവസങ്ങളോളം എൻ.ഐ.എ ചോദ്യം ചെയ്തുവെന്നും ഉദ്യോഗസ്ഥരുടെ പീഡനം കാരണമാണ് സുഹൃത്തിന്റെ പിതാവ് ജീവനൊടുക്കിയതെന്നും ഷാരൂഖ് അപേക്ഷയിൽ കുറ്റപ്പെടുത്തിയിരുന്നു.

തങ്ങൾ പറയുന്നത് അംഗീകരിച്ചില്ലെങ്കിൽ പ്രതികളാക്കുമെന്ന് പറഞ്ഞ് ബന്ധുക്കളെ ഭീഷണിപ്പെടുത്തുന്നതായും ഷാരൂഖിന്റെ അപേക്ഷയിൽ പറയുന്നു. കഴിഞ്ഞ ദിവസം ഷാരൂഖിന്റെ സുഹൃത്ത് മുഹമ്മദ് മോനിസിനെ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. മോനിസിനൊപ്പം പിതാവ് മുഹമ്മദ് റഫീഖും എത്തിയിരുന്നു. പിന്നാലെ, റഫീഖിനെ എറണാകുളത്തെ ഒരു ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്നാണ് ഷാരൂഖ് കോടതിയെ സമീപിച്ചത്.

ഈ മാസം 27 വരെയാണ് ഷാരൂഖ് സെയ്‌ഫിയെ റിമാൻഡ് ചെയ്‌തിരിക്കുന്നത്‌. ഷാരൂഖ് സെയ്‌ഫിയെ നേരിട്ട് കോടതിയിൽ ഹാജരാക്കണമെന്ന് കഴിഞ്ഞ റിമാൻഡ് കാലാവധി അവസാനിച്ചപ്പോൾ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. ഷാരൂഖിന് മുൻപ് ചില മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും സാമ്പത്തിക ബുദ്ധിമുട്ട് കാരണം വേണ്ട ചികിത്സ നൽകിയിരുന്നില്ലെന്നും കുടുംബം പറഞ്ഞതായി അഭിഭാഷകൻ ചൂണ്ടിക്കാട്ടുകയും ചെയ്‌തു.

Tags:    
News Summary - Shahrukh Saifi with serious allegations; The application was dismissed by the NIA court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.