മാള: കോവിഡ് രോഗികളെ സ്റ്റെതസ്കോപുപയോഗിച്ച് അടുത്തുനിന്ന് പരിശോധിക്കാനുള്ള പ്രയാസം പരിഹരിക്കുന്നതിന് ഇലക്ട്രോ സ്റ്റെതസ്കോപുമായി ഷാജഹാൻ. ഇലക്ട്രിക് ചൂൽ നിർമിച്ച് ശ്രദ്ധേയനായ പുത്തൻചിറ മരക്കാപറമ്പിൽ ഷാജഹാനാണ് ആരോഗ്യ രംഗത്തേക്ക് തെൻറ കണ്ടുപിടിത്തം സമർപ്പിക്കുന്നത്. ഇന്റർനെറ്റ് കണക്ഷെൻറ സഹായത്തോടെ ലോകത്ത് എവിടെയിരുന്നും ഡോക്ടർക്ക് രോഗിയെ പരിശോധിക്കാമെന്ന പ്രത്യേകത ഈ ഉപകരണത്തിനുണ്ടെന്ന് ഷാജഹാൻ അവകാശപ്പെടുന്നു.
ഡയഫ്രത്തിൽ ലഭിക്കുന്ന ശബ്ദതരംഗങ്ങൾ അതി സെൻസിറ്റിവിറ്റിയുള്ള കാട്രിഡ് ജിെൻറ സഹായത്തോടെ പിടിച്ചെടുത്ത് വൈദ്യുത തരംഗങ്ങളാക്കി മാറ്റി പ്രധാന കൺട്രോൾ യൂനിറ്റിലേക്ക് നൽകുന്നതാണ് ഉപകരണം. നേർത്ത വൈദ്യുത തരംഗങ്ങളെ ആവശ്യമായ അളവിൽ ഉയർത്തിയശേഷം അരിപ്പകളുപയോഗിച്ച് അനാവശ്യ ശബ്ദങ്ങൾ മാറ്റിയശേഷം ഡോക്ടറുടെ കാതുകളിലുള്ള ഹെഡ് ഫോണിൽ എത്തിക്കും. വ്യക്തവും സുതാര്യവുമായ ശബ്ദങ്ങൾ ഹെഡ്ഫോണിലൂടെ ഡോക്ടർക്ക് ലഭിക്കും.
പ്രധാന കൺട്രോൾ യൂനിറ്റിൽ ലഭിക്കുന്ന തരംഗങ്ങൾ ഓഡിയോഗ്രാഫിക് ഡിവൈഡർ എന്ന മോഡ്യൂളിലൂടെ കടത്തിവിട്ട് ഡോക്ടർക്ക് ഏതു ശബ്ദമാണോ കേൾക്കേണ്ടത് ആ ശബ്ദം മാത്രം കൂടുതൽ തെളിമയോടെ കേൾക്കാനും മറ്റ് ശബ്ദങ്ങൾ കുറക്കാനും കഴിയും. ആവശ്യമെങ്കിൽ ശ്വാസഗതിയും ഹൃദയ താളങ്ങളും റെക്കോഡ് ചെയ്തു സൂക്ഷിക്കാമെന്നും നിർമാതാവ് അവകാശപ്പെടുന്നു. വ്യവസായിക അടിസ്ഥാനത്തിൽ നിർമിക്കുകയാണെങ്കിൽ 2,000 രൂപയിൽ താഴെ മാത്രമേ ഇതിന് വരുകയുള്ളൂവെന്ന് ഷാജഹാൻ 'മാധ്യമ'ത്തോട് പറഞ്ഞു. പ്രധാന ഭാഗങ്ങൾ ചെറുതാക്കി മൊബൈൽ ഫോണിെൻറ വലിപ്പത്തിൽ നിർമിക്കാനാവുമെന്നും അദ്ദേഹം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.