മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയുടെ നിലപാടുകളോട് വിയോജിപ്പുണ്ടെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പി. മുസ്‌ലിം സമുദായത്തെ അടച്ചാക്ഷേപിക്കുന്ന പ്രവണതയാണ് ഷാജന്റേതെന്നും ഏതാണ്ടൊരു സംഘിയുടെ ഭാഗത്തുനിന്നുള്ള സംസാരം പോലെയാണ് എനിക്ക് തോന്നിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ശ്രീനിജിന്റെ കേസിൽ മെറിറ്റുള്ളതുകൊണ്ടാണ് കോടതി മുൻകൂർ ജാമ്യം തള്ളിയതെന്നും നിയമം അതിന്റെ വഴിക്ക് നടക്കട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു.
"മറുനാടൻ ഷാജന്റെ നടപടികളോട് എനിക്ക് വിയോജിപ്പുണ്ട്. എല്ലാവിധ മാന്യതയും നൽകിക്കൊണ്ടാണ് മാധ്യമങ്ങൾ വിമർശിക്കാറ്. പക്ഷേ ഇവൻ ഗതിപിടിക്കാത്തവനാണ് എന്നൊക്കെയുള്ള തരത്തിൽ അടച്ചാക്ഷേപിക്കുന്നത് മാധ്യമപ്രവർത്തനമായി ഞാൻ കാണുന്നില്ല. മറ്റൊന്ന് മുസ്‌ലിം സമുദായത്തെ അടച്ചാക്ഷേപിക്കുന്ന പ്രവണതയാണ്. ഏതാണ്ടൊരു സംഘിയുടെ ഭാഗത്തുനിന്നുള്ള സംസാരം പോലെയാണ് എനിക്ക് തോന്നിയത്. മറ്റൊന്ന് രാഹുൽ ഗാന്ധി പോയാലേ പാർട്ടി രക്ഷപ്പെടൂ എന്നൊക്കെ പറഞ്ഞ് അപമാനിക്കുന്ന സാഹചര്യമുണ്ടായി. ഇപ്പോഴത്തെ സാഹചര്യത്തിൽ കോടതിയാണ് അദ്ദേഹത്തിന് ജാമ്യം നിഷേധിച്ചത്. ശ്രീനിജിൻ എം.എൽ.എക്ക് ഒരുപാട് തെറ്റുകളുണ്ട്. അദ്ദേഹത്തെ കുറിച്ച് അദ്ദേഹത്തിന്റെ പാർട്ടിക്ക് തന്നെ ആക്ഷേപമുണ്ട്. എന്നുവെച്ച് അദ്ദേഹത്തിന്റെ ജാതി എന്ത് പിഴച്ചു?. അദ്ദേഹം ജനിച്ച സമുദായത്തെ കുറ്റം പറഞ്ഞപ്പോഴാണ് കേസ് വന്നതും മുൻകൂർ ജാമ്യം തേടിയതും. ആ കേസിൽ മെറിറ്റുള്ളതുകൊണ്ടാണ് മുൻകൂർ ജാമ്യം തള്ളിയത്. അത് നിയമത്തിന്റെ വഴിക്ക് നടക്കട്ടെ. കോൺഗ്രസുകാരെ പറ്റി ഷാജൻ പറഞ്ഞത് ഇവർ നേതാക്കന്മാരല്ല, ജന്തുക്കളാണെന്നാണ്. അങ്ങനെയൊരാളോട് കോൺഗ്രസുകാരനായ എനിക്ക് അനുകൂലിക്കാൻ പറ്റുമോ?’, മുരളീധരൻ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.