മുസ്​ലിം സമുദായത്തെ ഒറ്റതിരിഞ്ഞ്​ ആക്രമിക്കാനാണ് ഷാജൻ ശ്രമിച്ചത്, ആത്മാഭിമാനമുള്ള കോൺഗ്രസുകാരന് അനുകൂലിക്കാനാവില്ല -ടി.എൻ പ്രതാപൻ

തൃശൂർ: രാഹുൽ ഗാന്ധിയെയും മല്ലികാർജുൻ ഖാർഗെയെയും കെ.സി. വേണുഗോപാലിനെയും കോൺഗ്രസിനെയും പരസ്യമായി അധിക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്ത ‘മറുനാടൻ മലയാളി’ ഷാജൻ സ്കറിയയെ ആത്മാഭിമാനമുള്ള ഒരു കോൺഗ്രസുകാരനും ന്യായീകരിക്കാനാവില്ലെന്ന്​ ടി.എൻ. പ്രതാപൻ എം.പി. കെ.പി.സി.സി പ്രസിഡന്‍റും രമ്യ ഹരിദാസ് എം.പിയും മറുനാടനെ പിന്തുണക്കുന്നത്​ വാർത്ത സമ്മേളനത്തിൽ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സുധാകരനും രമ്യ ഹരിദാസും വ്യക്തിപരമായ അഭിപ്രായം പറയുന്നത്​ പോലെ തന്‍റെ കാഴ്ചപ്പാടിൽ ഊന്നിയ വ്യക്തിപരമായ അഭിപ്രായമാണ്​ പ്രകടിപ്പിക്കുന്നതെന്നും പ്രതാപൻ എം.പി പറഞ്ഞു. മാധ്യമങ്ങൾക്ക്​​ പൊതുപ്രവർത്തകരെ മാന്യമായി വിമർശിക്കാം. അതിൽ കഴമ്പുണ്ടെങ്കിൽ ഉൾക്കൊള്ളാറുണ്ട്​. പക്ഷെ, ഒരു യു ട്യൂബ് ചാനലുണ്ടെങ്കിൽ എന്തും വിളിച്ച്​ പറയാമെന്ന ധാരണ പാടില്ല. വർഗീയ ചേരിതിരിവ്​ സൃഷ്ടിക്കാനും മതസ്പർധ വളർത്താനും മുസ്​ലിം സമുദായത്തെ ഒറ്റതിരിഞ്ഞ്​ ആക്രമിക്കാനും അവരുടെ വ്യക്തിത്വവും അസ്തിത്വംതന്നെയും വെല്ലുവിളിക്കാനുമാണ്​ ഷാജൻ പലപ്പോഴും മുതിർന്നിട്ടുള്ളത്​. സംഘി സ്വരമാണ്​ അയാളിൽനിന്ന്​ വരുന്നത്​.

പി.വി. ശ്രീനിജൻ എം.എൽ.എയുടെ പരാതി കോടതിക്കുതന്നെ ബോധ്യപ്പെട്ടതു​​കൊണ്ടാണ്​ ഷാജന്‍റെ മുൻകൂർ ജാമ്യഹർജി തള്ളിയത്​. വിമർശനത്തിന്​ വിധേയനാകുന്നയാളുടെ കുലവും ജാതിയും വലിച്ചിഴക്കുന്നത്​ അപകടമാണ്​. ന്യൂനപക്ഷത്തെ തമ്മിൽ അടിപ്പിക്കുകയും അതിലൊന്നിനെ സമൂഹത്തിന് മുന്നിൽ തീവ്രവാദികളായി ചിത്രീകരിക്കുകയുമാണ് ചെയ്യുന്നത്​. ഈ വിഷയത്തിൽ തന്‍റെ കാഴ്ചപ്പാടും നിലപാടും തെളിവുകളുടെ അടിസ്ഥാനത്തിൽ കെ.പി.സി.സി പ്രസിഡന്‍റിനോട്​ സംസാരിച്ച്​ ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്നും എം.പി പറഞ്ഞു.

കഴിഞ്ഞ ദിവസം കെ. മുരളീധരൻ എം.പിയും ഷാജൻ സ്കറിയക്കെതിരെ രംഗത്തെത്തിയിരുന്നു. ‘മറുനാടൻ ഷാജന്റെ നടപടികളോട് എനിക്ക് വിയോജിപ്പുണ്ട്. എല്ലാവിധ മാന്യതയും നൽകിക്കൊണ്ടാണ് മാധ്യമങ്ങൾ വിമർശിക്കാറ്. പക്ഷേ ഇവൻ ഗതിപിടിക്കാത്തവനാണ് എന്നൊക്കെയുള്ള തരത്തിൽ അടച്ചാക്ഷേപിക്കുന്നത് മാധ്യമപ്രവർത്തനമായി ഞാൻ കാണുന്നില്ല. മറ്റൊന്ന് മുസ്‌ലിം സമുദായത്തെ അടച്ചാക്ഷേപിക്കുന്ന പ്രവണതയാണ്. ഏതാണ്ടൊരു സംഘിയുടെ ഭാഗത്തുനിന്നുള്ള സംസാരം പോലെയാണ് എനിക്ക് തോന്നിയത്. മറ്റൊന്ന് രാഹുൽ ഗാന്ധി പോയാലേ പാർട്ടി രക്ഷപ്പെടൂ എന്നൊക്കെ പറഞ്ഞ് അപമാനിക്കുന്ന സാഹചര്യമുണ്ടായി. ഇപ്പോഴത്തെ സാഹചര്യത്തിൽ കോടതിയാണ് അദ്ദേഹത്തിന് ജാമ്യം നിഷേധിച്ചത്. ശ്രീനിജിൻ എം.എൽ.എക്ക് ഒരുപാട് തെറ്റുകളുണ്ട്. അദ്ദേഹത്തെ കുറിച്ച് അദ്ദേഹത്തിന്റെ പാർട്ടിക്ക് തന്നെ ആക്ഷേപമുണ്ട്. എന്നുവെച്ച് അദ്ദേഹത്തിന്റെ ജാതി എന്ത് പിഴച്ചു?. അദ്ദേഹം ജനിച്ച സമുദായത്തെ കുറ്റം പറഞ്ഞപ്പോഴാണ് കേസ് വന്നതും മുൻകൂർ ജാമ്യം തേടിയതും. ആ കേസിൽ മെറിറ്റുള്ളതുകൊണ്ടാണ് മുൻകൂർ ജാമ്യം തള്ളിയത്. അത് നിയമത്തിന്റെ വഴിക്ക് നടക്കട്ടെ. കോൺഗ്രസുകാരെ പറ്റി ഷാജൻ പറഞ്ഞത് ഇവർ നേതാക്കന്മാരല്ല, ജന്തുക്കളാണെന്നാണ്. അങ്ങനെയൊരാളോട് കോൺഗ്രസുകാരനായ എനിക്ക് അനുകൂലിക്കാൻ പറ്റുമോ?’, എന്നിങ്ങനെയായിരുന്നു മുരളീധരന്റെ വിമർശനം.

അതേസമയം, മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയക്ക് കോൺഗ്രസ് സംരക്ഷണമൊരുക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞിരുന്നു. രമ്യ ഹരിദാസ് എം.പി ഷാജന് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റിട്ടത് കോൺഗ്രസ് പ്രവർത്തകരുടെയടക്കം രൂക്ഷ വിമർശനത്തിനിടയാക്കിയിരുന്നു.

Tags:    
News Summary - Shajan tried to attack the Muslim community, a self-respecting Congressman cannot support - TN Pratapan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.