മാനന്തവാടി: ബാവലിപ്പുഴയിൽ കർണാടക സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കർണാടക വനപാലകർ ഓടിച്ചതിനെ തുടർന്ന് പുഴ കടക്കുന്നതിനിടെ അപകടത്തിൽപെട്ടതായാണ് കരുതുന്നത്. കർണാടക മടിക്കേരി ചേരമ്പന സ്വദേശി കോട്ടൂർ എം.എച്ച്. ഷംസുദ്ദീന്റെ (25) മൃതദേഹമാണ് പുഴയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം കർണാടക ബാവലി ചെക്ക്പോസ്റ്റ് വഴി മിനിലോറിയിൽ വീട്ടിത്തടികൾ കടത്താൻ ശ്രമിച്ചവരെ വനപാലകർ പിടികൂടിയിരുന്നു. ഈ സംഘത്തിൽപെട്ട ഷംസുദ്ദീൻ ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പുഴയിലകപ്പെടുകയായിരുന്നെന്നാണ് പറയപ്പെടുന്നത്. ബാവലി പാലത്തിന് സമീപം പുഴയിൽ ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്.
രണ്ടുദിവസം മുമ്പാണ് വനംവകുപ്പ് വീട്ടിത്തടികൾ പിടികൂടിയത്. വാഹനത്തിലുണ്ടായിരുന്ന മടിക്കേരി സ്വദേശി ഷാനിദ്, കാസർകോട് കാഞ്ഞങ്ങാട് സ്വദേശി അബ്ദുല്ല എന്നിവരെ കർണാടക വെള്ള റേഞ്ച് ഓഫിസർ മധുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തിരുന്നു. ഷംസുദ്ദീന്റെ മൃതദേഹം സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവവുമായി ബന്ധപ്പെട്ട് തിരുനെല്ലി പൊലീസ് സബ് ഇൻസ്പെക്ടർ കെ.എ. പൗലോസിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.