ആലപ്പുഴയിൽ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ് ഷാന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേർ കൂടി അറസ്റ്റിലായതായി എ.ഡി.ജി.പി വിജയ് സാഖറെ അറിയിച്ചു. പ്രതികൾക്ക് രക്ഷപെടാൻ സഹായം ചെയ്തുകൊടുത്ത രണ്ടുപേരാണ് ഇന്ന് അറസ്റ്റിലായത്.
ഇവർ ആലപ്പുഴ സ്വദേശികളാണ്. അന്വേഷണത്തിൽ പൊലീസിന് യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും സാഖറെ അറിയിച്ചു. അതേസമയം, ഷാൻ വധക്കേസിൽ മൂന്നു പേർ കൂടി പൊലീസ് കസ്റ്റഡിയിലെന്ന് സൂചനയുണ്ട്. രണ്ട് തൃശൂർ സ്വദേശികളും ഒരു ആലുവ സ്വദേശിയുമാണ് കസ്റ്റഡിയിലുള്ളത്. പ്രതികളെ രക്ഷപെടാൻ സഹായിച്ചവരെന്ന് സംശയമുള്ളവരാണ് തൃശൂർ സ്വദേശികൾ.
ഗൂഡാലോചനയിൽ പങ്കുണ്ടെന്ന സംശയത്തിലാണ് ആലുവ സ്വദേശിയെ കസ്റ്റഡിയിലെടുത്തത്. ആലപ്പുഴ ഇരട്ട കൊലപാതകത്തിൽ ഇരുവിഭാഗത്തിലും പെട്ട കുറ്റവാളികളുടെ പട്ടിക ജില്ലാടിസ്ഥാനത്തിൽ തയ്യാറാക്കുമെന്ന് പൊലീസ് പറഞ്ഞു. വാറന്‍റ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യും.
ക്രിമിനൽ സംഘങ്ങൾക്ക് പണം കിട്ടുന്ന സ്രോതസ് കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ഷാന്‍റെ കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള രണ്ട് പേരെ ആലപ്പുഴ നഗരത്തിലെ ആർ.എസ്.എസ് കാര്യാലയത്തിൽ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മൂന്നുപേർ കൂടി കസ്റ്റഡിയിൽ ഉള്ളതെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.