കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ രാജിവെച്ചു; ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ശങ്കർ മോഹൻ

കോട്ടയം: വിദ്യാർഥി സമരത്തിന്‍റെ 48 ാം നാൾ കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ രാജിവെച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി രാജിക്കത്ത് കൈമാറുകയായിരുന്നു. കാലാവധി കഴിഞ്ഞതുകൊണ്ടാണ് രാജിവെച്ചതെന്ന് ശങ്കർമോഹൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. മൂന്നാഴ്ച മുമ്പ് ചെയർമാൻ അടൂർ ഗോപാലകൃഷ്ണന് രാജിക്കത്ത് കൈമാറിയിരുന്നു. തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ട്. ഇക്കാര്യം വെളിപ്പെടുത്തുമെന്നും ശങ്കർമോഹൻ പറഞ്ഞു.

ജാതി വിവേചനം, സംവരണ അട്ടിമറി, മനുഷ്യത്വ വിരുദ്ധ പ്രവൃത്തികൾ തുടങ്ങി ഗുരുതര വിഷയങ്ങളുയർത്തിയാണ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥികൾ സ്റ്റുഡന്‍റ്സ് കൗൺസിൽ നേതൃത്വത്തിൽ ഡിസംബർ അഞ്ചു മുതൽ പഠിപ്പുമുടക്കി സമരം ആരംഭിച്ചത്. സ്ഥാപനത്തിലെ സ്വീപ്പർമാരായ വനിതകളെ കൈകൊണ്ട് ടോയ്ലറ്റ് വൃത്തിയാക്കുക, ദലിത് ജീവനക്കാരോടും വിദ്യാർഥികളോടും വിവേചനം കാണിക്കുക, വിദ്യാർഥികളുടെ ഇ-ഗ്രാന്‍റ്സ് നിഷേധിക്കുക തുടങ്ങിയ ആരോപണങ്ങളാണ് വിദ്യാർഥികൾ ഡയറക്ടർക്കെതിരെ ഉന്നയിച്ചത്.

സ്വീപ്പർമാർ സ്ഥാപനത്തിന്‍റെ ഭാഗമാണെന്നു പറഞ്ഞാണ് 10 കിലോമീറ്റർ ദൂരെയുള്ള ഡയറക്ടറുടെ വീട് വൃത്തിയാക്കിച്ചിരുന്നത്. ജാതി ചോദിച്ചശേഷമേ അവരെ അകത്തുകയറ്റിയിരുന്നുള്ളൂ. എഡിറ്റിങ് ഡിപ്പാർട്ട്മെന്‍റിൽ നാലു സീറ്റ് ഒഴിച്ചിട്ടപ്പോഴും ദലിത് വിദ്യാർഥിക്ക് പ്രവേശനം നൽകിയില്ല. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു വിദ്യാർഥികളെയും ഡയറക്ടറെയും ചർച്ചക്കു വിളിച്ചിരുന്നെങ്കിലും ഒത്തുതീർപ്പായില്ല. തുടർന്നാണ് വിദ്യാർഥികൾ നിരാഹാരം പ്രഖ്യാപിച്ചത്.

സമരത്തിന് പിന്തുണയുമായി നിരവധി സംഘടനകൾ എത്തിയതോടെ ക്രമസമാധാനപ്രശ്നത്തിന്‍റെ പേരിൽ ജില്ല കലക്ടർ ഇൻസ്റ്റിറ്റ്യൂട്ട് അടച്ചിടാൻ ഉത്തരവിട്ടു. ഇതിനിടെ സർക്കാർ നിയോഗിച്ച ആദ്യകമീഷൻ കാമ്പസിലെത്തി തെളിവെടുപ്പ് നടത്തിയെങ്കിലും തുടർനടപടിയുണ്ടായില്ല. പിന്നീട് മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ, മുൻ നിയമസഭ സെക്രട്ടറി ഡോ. എൻ.കെ. ജയകുമാർ എന്നിവരുൾപ്പെട്ട രണ്ടാമത്തെ കമീഷനെ നിയോഗിക്കുകയായിരുന്നു. കമീഷൻ സമർപ്പിച്ച റിപ്പോർട്ടിൽ വിദ്യാർഥികളുടെ ആരോപണങ്ങളിൽ കഴമ്പുണ്ടെന്നാണ് വിവരം. റിപ്പോർട്ട് പുറത്തുവിട്ടില്ല. 

Tags:    
News Summary - Shankar Mohan resigned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.