തിരുവനന്തപുരം: ഷാർജ ഭരണാധികാരിയും യു.എ.ഇ സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് ഡോ.സുൽത്താൽ ബിൻ മുഹമ്മദ് അൽ ഖാസിമിക്ക് മലയാളത്തിെൻറ ഉൗഷ്മള വരവേൽപ്. ഉത്സവാന്തരീക്ഷത്തിൽ നടന്ന ചടങ്ങിൽ ഹൃദയംതൊട്ടാണ് കേരളം ഷാർജ ഭരണാധികാരിയെ എതിേരറ്റത്.
ഞായറാഴ്ച വൈകീട്ട് 3.20ന് യു.എ.ഇയുടെ ഒൗദ്യോഗിക വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ കെ.ടി. ജലീൽ, കടകംപള്ളി സുരേന്ദ്രൻ, കെ.കെ. ശൈലജ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ ചേർന്ന് സ്വീകരിച്ചു. വിമാനത്താവളത്തിൽ പ്രത്യേകം തയാറാക്കിയ വേദിയിലെത്തിയ ഡോ. സുൽത്താൽ ബിൻ മുഹമ്മദിനെ പൊലീസ് ഗാർഡ് ഒാഫ് ഒാണർ നൽകി ആദരിച്ചു. പിന്നീട് സ്വീകരണപ്പന്തലിലേക്ക്. ഷാർജ ഭരണാധികാരിയെ സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് സർക്കാർ ക്രമീകരിച്ചിരുന്നത്. കേരളത്തിെൻറ തനത് വാദ്യഘോഷങ്ങൾ നിറഞ്ഞ അന്തരീക്ഷത്തിൽ മുഖ്യമന്ത്രിയാണ് അദ്ദേഹത്തെ പന്തലിലേക്ക് എതിരേറ്റത്. സന്നിഹിതരായിരുന്ന ഒാരോരുത്തരുടെയും അടുത്തെത്തി ശൈഖ് ഡോ.സുൽത്താൽ ബിൻ മുഹമ്മദ് ഹസ്തദാനം നടത്തി. മാധ്യമങ്ങളുടെ കാമറകൾക്ക് സമീപെമത്തിയപ്പോൾ മുഖ്യമന്ത്രിക്കൊപ്പം നിറഞ്ഞ പുഞ്ചിരിയോടെ അൽപനേരം നിന്നു. ഷാർജ ഭരണാധികാരിയുടെ കുടുംബാംഗങ്ങളെ മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയനും മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോയും ചേർന്ന് സ്വീകരിച്ചു. ഒൗദ്യോഗിക വാഹനങ്ങളുടെ അകമ്പടിയോടെ അതിഥികളെ കോവളം ലീല റാവിസിൽ എത്തിച്ചു.
മുഖ്യമന്ത്രിയുടെ ക്ഷണപ്രകാരം നാലു ദിവസത്തെ സന്ദർശനത്തിനായാണ് ഷാർജ ഭരണാധികാരി കേരളത്തിലെത്തിയത്. യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ നവ്ദീപ് സിങ് സൂരി, ഇന്ത്യയിലെ യു.എ.ഇ അംബാസഡര്‍ ഡോ. അഹമ്മദ് അല്‍ ബന്ന, തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന് അല്‍ സാബി, ഷാര്‍ജ മീഡിയ കൗണ്‍സില്‍ ചെയര്മാന് ശൈഖ് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് അല്‍ ഖാസിമി, ഷാര്‍ജ ഭരണാധികാരി ഓഫിസ് ചെയര്മാന് ശൈഖ് സലീം ബിന്‍ അബ്ദുല്‍ റഹ്മാന് അല്‍ ഖാസിമി, ഗവ. റിലേഷന്‍സ് വകുപ്പ് ചെയര്മാന് ശൈഖ് ഫഹീം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി, കള്‍ചറല്‍ വകുപ്പ് ചെയര്മാന് അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ ഉവൈസ്, പ്രോട്ടോകോള്‍ -ഹോസ്പിറ്റാലിറ്റി വകുപ്പ് ചെയര്മാന് ഉബൈദ് സലീം അല്‍ സാബി, ഷാര്‍ജ മീഡിയ കോര്പറേഷന് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് ഹുസൈന് ഖലാഫ്, മീഡിയ കണ്ടിൻജൻറ് മാനേജ്മെൻറ് ഡയറക്ടര്‍ അഹമ്മദ് സലീം അല്‍ ബൈറാഖ്, വ്യവസായി എം.എ. യുസുഫലി, ഇന്ത്യന്‍ സൊസൈറ്റി പ്രസിഡൻറ് അബ്ദുല്‍ റഹ്മാൻ തുടങ്ങിയവര്‍ സ്വീകരണ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.