ഷാരോണിനെ കൊന്നത് വിഷം കൊടുത്ത്; വനിത സുഹൃത്ത് നൽകിയ കഷായവും ജ്യൂസും കുടിച്ചാണ് യുവാവ് മരിച്ചതെന്ന് കുടുംബം

തിരുവനന്തപുരം: പാറശാല മുര്യങ്കര സ്വദേശിയായ യുവാവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് കുടുംബം രംഗത്ത്. വനിതാസുഹൃത്ത് നൽകിയ കഷായവും ജ്യൂസും കുടിച്ചാണ് ഷാരോൺ രാജ് മരിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി. ഇതു സംബന്ധിച്ച് യുവതിയുടെ ശബ്ദ സന്ദേശം പുറത്തായിരുന്നു. താൻ കഷായത്തിൽ മറ്റൊന്നും ചേർത്തിട്ടില്ലെന്നും സ്ഥിരമായി കഴിച്ചുകൊണ്ടിരുന്നതാണ് അതെന്നുമാണ് യുവതിയുടെ വാട്‌സ്ആപ്പ് ഓഡിയോ സന്ദേശത്തിൽ പറയുന്നത്. 'അന്നു രാവിലെയും താൻ അത് കുടിച്ചതാണ്. അതിലൊന്നും കലർന്നിട്ടില്ല. അന്നായിരുന്നു താൻ അവസാനമായി അത് കുടിച്ചതെന്നും യുവതി ഷാരോൺ രാജിന്റെ സഹോദരന് അയച്ച് ഓഡിയോ സന്ദേശത്തിൽ പറയുന്നു.

''ഷാരോണെ കൊന്നിട്ട് തനിക്കെന്ത് കിട്ടാനാണ്..വീട്ടിൽ നിന്ന് വേറെ ഒന്നും കഴിച്ചിട്ടില്ല. ഇവിടുന്ന് വിഷാംശം ഏൽക്കാൻ സാധ്യതയില്ലെന്ന് ഉറപ്പ് നൽകുന്നു​''-എന്നാണ് ശബ്ദസന്ദേശത്തിൽ പറയുന്നത്. അതേസമയം, ഷാരോൺ കുടിച്ച ജ്യൂസിന് രുചിവ്യത്യാസം തോന്നിയിരുന്നെന്നും പറയുന്നുണ്ട്. എന്നാൽ ഏത് കഷായമാണ് കുടിക്കാൻ കൊടുത്തത് എന്ന് യുവതിയും കുടുംബവും വ്യക്തമാക്കിയിട്ടില്ലെന്നും ഷാരോണിന്റെ മാതാപിതാക്കൾ പറയുന്നു.

ഈ മാസം 25നാണ് ഷാരോൺ മരിച്ചത്. പതിനാലാം തീയതിയാണ് വനിതാ സുഹൃത്തിനെ കാണാനായി ഷാരോൺ രാജ് തമിഴ്‌നാട്ടിലുള്ള പെൺകുട്ടിയുടെ വീട്ടിലേക്ക് പോകുന്നത്. അവിടെ വച്ച് പെൺകുട്ടി കഷായവും ഒരു മാംഗോ ജ്യൂസും കുടിക്കാൻ കൊടുത്തെന്നും പിതാവ് നൽകിയ പരാതിയിൽ പറയുന്നു. ഈ പാനീയം കുടിച്ച ഷാരോൺ രാജ് ചർദിച്ചുകൊണ്ടാണ് പുറത്തിറങ്ങി വന്നതെന്നും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പറയുന്നു. വീട്ടിലെത്തിയ ശേഷവും ഛർദി തുടരുകയായിരുന്നു.

തുടർന്ന് താലൂക്ക് ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലും കൊണ്ടുപോയി. അടുത്ത ദിവസമാണ് വൃക്കയുടെയും കരളിന്റെയും പ്രവർത്തനം നിലച്ചതായി മനസിലാക്കുന്നത്. നാല് തവണ ഡയാലിസിസ് ചെയ്തു. ഈ സമയത്തിനകം തന്നെ വായിൽ വ്രണങ്ങളും മറ്റും വന്നെന്നും ഷാരോണിന്റെ ബന്ധുക്കൾ പറയുന്നു. 25ാം തീയതി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ചാണ് ഷാരോൺ രാജ് മരിച്ചത്.

യുവതിയുമായി ഷാരോണ്‍ പ്രണയത്തിലായിരുന്നെന്നും ഈ ബന്ധത്തിൽ പെൺകുട്ടിയുടെ വീട്ടുകാർക്ക് അതിൽ എതിർപ്പുണ്ടായിരുന്നെന്നും ഷാരോണിന്റെ കുടുംബം ആരോപിക്കുന്നു. യുവതിക്ക് മറ്റൊരു കല്യാണം ഉറപ്പിച്ചതായും ഷാരോണിന്‍റ ബന്ധുക്കള്‍ പറയുന്നു. ഷാരോണിനെ വിളിച്ചുവരുത്തി വിഷം നല്‍കിയതാണെന്നാണ് ആരോപണം. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് ഷാരോൺ രാജിന്റെ കുടുംബം ആവശ്യപ്പെടുന്നു. 

Tags:    
News Summary - sharon was killed by his girl friend says family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.