ചങ്ങനാശ്ശേരി: എൻ.എസ്.എസിന് പിന്നാലെ ചങ്ങനാശ്ശേരി അതിരൂപതയുടെ പരിപാടിയിലേക്കും ശശി തരൂരിന് ക്ഷണം. ഡിസംബർ നാലിന് നടക്കുന്ന യുവദീപ്തി-സിറോ മലബാര്‍ യൂത്ത് മൂവ്‌മെന്‍റിന്‍റെ സുവര്‍ണജൂബിലി സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായാണ് ശശി തരൂര്‍ എത്തുന്നത്. അയ്യായിരം യുവജനങ്ങള്‍ പങ്കെടുക്കുന്ന റാലിയും തുടര്‍ന്ന് ചങ്ങനാശ്ശേരി മെത്രാപ്പോലീത്തന്‍ പള്ളി മൈതാനിയില്‍ പൊതുസമ്മേളനവുമാണ് നടക്കുന്നത്.
ആര്‍ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, സിറോമലബാര്‍ സഭ മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി എന്നിവരും പങ്കെടുക്കും. ജനുവരിയില്‍ മന്നം ജയന്തി ആഘോഷങ്ങളുടെ ഉദ്ഘാടകനായും ഡോ. ശശി തരൂരിനെയാണ് എന്‍.എസ്.എസ് നേതൃത്വം ക്ഷണിച്ചിരിക്കുന്നത്.
മധ്യതിരുവിതാംകൂറിലെ രണ്ട് പ്രബല മത-സമുദായ സംഘടനകളുടെ സുപ്രധാന വേദികളില്‍ ശശി തരൂര്‍ മുഖ്യാതിഥിയായെത്തുന്നത് രാഷ്ട്രീയ കേരളത്തില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കും. കേരള രാഷ്ട്രീയത്തില്‍ തരൂര്‍ സജീവമായതോടെ മലബാറിലും മധ്യ തിരുവിതാംകൂറിലും, തെക്കന്‍ കേരളത്തിലും ശശി തരൂര്‍ പങ്കെടുക്കുന്ന പരിപാടികളുടെ എണ്ണവും ദിനവും കൂടിവരികയാണ്.
കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നിരവധി പരിപാടികളില്‍ തരൂര്‍ പങ്കെടുക്കുന്നുണ്ട്. ഡിസംബര്‍ മൂന്നിന് പാലായില്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടകനാകുന്ന യോഗത്തില്‍ കെ.എം. ചാണ്ടി സ്മാരക പ്രഭാഷണം ശശി തരൂര്‍ നിര്‍വഹിക്കും. വൈകീട്ട് ഈരാറ്റുപേട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് സമ്മേളനത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് രാത്രി കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കലിനെ സന്ദര്‍ശിക്കും. തുടര്‍ന്ന് നാലിന് ചങ്ങനാശ്ശേരി അതിരൂപതയുടെ യൂത്ത് കോണ്‍ക്ലേവിലും പങ്കെടുത്ത് പന്തളം കൊട്ടാരത്തിൽ സന്ദര്‍ശനം നടത്തി പത്തനംതിട്ട ജില്ലയിലെ പൊതുപരിപാടികളിലും പങ്കെടുത്താണ് മടക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.