മലപ്പുറം: കോൺഗ്രസിൽ ഗ്രൂപ്പുണ്ടാക്കാൻ താൽപര്യമില്ലെന്നും പാർട്ടിയിൽ ഒന്നിച്ച് മുന്നോട്ട് പോകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ശശി തരൂർ എം.പി.
പാണക്കാട് സൗഹൃദ സന്ദർശനത്തിന് ശേഷം പാർട്ടിയിലെ വിവാദത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിയിൽ ഒരു ഗ്രൂപ്പിനും തന്റെ പിന്തുണയില്ലെന്ന് അദ്ദേഹം വിശദീകരിച്ചു.
മുസ്‍ലിം ലീഗുമായി ദീർഘകാല ബന്ധമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സൗഹൃദ സന്ദർശനം. പാണക്കാട് താൻ നിരവധി തവണ വന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദീർഘകാലമായി തരൂരുമായി നല്ല ബന്ധമുണ്ടെന്നും ആ നിലയിലാണ് അദ്ദേഹം പാണക്കാട് വന്നതെന്നും മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. സന്ദർശനത്തിൽ പൊതുകാര്യങ്ങളും യു.ഡി.എഫിന്റെ സാധ്യതകളുമാണ് ചർച്ചയായതെന്നും മറ്റു പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങൾ ചർച്ചയിൽ വന്നില്ലെന്നും തരൂരിനെ സ്വീകരിക്കാനെത്തിയ പി.കെ. കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു.
ചൊവ്വാഴ്ച രാവിലെ 8.25ഓടെയാണ് തരൂർ പാണക്കാട്ടെത്തിയത്. ലീഗ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം 9.15ഓടെ മടങ്ങി. പി.വി. അബ്ദുൽ വഹാബ് എം.പി, പി.എം.എ. സലാം, കെ.പി.എ. മജീദ്, പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എന്നിവർ സന്ദർശനവേളയിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.