തരൂരിനെ വേട്ടയാടിയവര്‍ക്ക് വന്‍ തിരിച്ചടിയെന്ന് കെ. സുധാകരന്‍

തിരുവനന്തപുരം: സുനന്ദ പുഷ്‌ക്കറിന്‍റെ കേസില്‍ ശശി തരൂരിനെതിരെ ബി.ജെ.പിയും സി.പി.എമ്മും നടത്തിയ രാഷ്ട്രീയ വേട്ടയാടലിനും കള്ളപ്രചരണത്തിനും അറുതിവരുത്തി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയ കോടതിവിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപി. ഏഴുവര്‍ഷം തരൂരിനെ തേജോവധം ചെയ്തവര്‍ ക്ഷമ പറയാനെങ്കിലും തയാറാകണം. തരൂര്‍ ലോക്സഭയിലേക്ക് മത്സരിച്ചപ്പോള്‍ ഈ വിഷയം ഉയര്‍ത്തിയാണ് എല്‍.ഡി.എഫ് അദ്ദേഹത്തെ തോൽപിക്കാന്‍ ശ്രമിച്ചത്. ദേശീയതലത്തില്‍ ബി.ജെ.പി തരൂരിനെതിരേ പ്രചാരണം അഴിച്ചുവിട്ട് കോണ്‍ഗ്രസിനെ ജനമധ്യത്തില്‍ താറടിക്കാന്‍ ശ്രമിച്ചു. അവര്‍ക്ക് കിട്ടിയ വന്‍ തിരിച്ചടിയാണ് കോടതിവിധിെയന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.

തരൂരിനെതിരേ ആത്മഹത്യാ പ്രേരണക്കുറ്റവും ഗാര്‍ഹികപീഡനവുമാണ് കേന്ദ്ര സര്‍ക്കാറിന്‍റെ കീഴിലുള്ള ഡല്‍ഹി പൊലീസ് ചുമത്തിയത്. യാതൊരു തെളിവുകളുമില്ലാതെ രാഷ്ട്രീയ ലക്ഷ്യത്തോടെ തരൂരിനെ വേട്ടയാടാന്‍ പൊലീസിനെ ചട്ടുകമാക്കി. 10 വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്. കൊലപാതക സാധ്യത തള്ളിക്കളയാനാവില്ലെന്നും വിചാരണക്കിടയില്‍ പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നു. നെറികെട്ട ഈ ആരോപണങ്ങളും രാഷ്ട്രീയഗൂഢാലോചനയുമെല്ലാം കോടതി ചവറ്റുകുട്ടിയില്‍ വലിച്ചെറിഞ്ഞിട്ടാണ് തരൂരിനെ കുറ്റവിമുക്തനാക്കിയതെന്ന് സുധാകരന്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാറിന്‍റെ ഇംഗിതങ്ങള്‍ക്ക് വഴങ്ങി പ്രതിപക്ഷ നേതാക്കളെ വേട്ടയായുന്നുവെന്ന ആക്ഷേപം നിലനില്‍ക്കെ മറ്റൊരു കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ കൂട്ടിലടച്ച തത്തയാണെന്ന മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ചിന്‍റെ നിരീക്ഷണത്തിന് ഈ സാഹചര്യത്തില്‍ ഏറെ പ്രസക്തിയുണ്ട്. സത്യത്തെ ഒരിക്കലും മറക്കാനാവില്ലെന്നു തെളിയിക്കുന്നത് കൂടിയാണ് ഡല്‍ഹി ഹൈകോടതി വിധിയെന്നും കെ. സുധാകരന്‍ പറഞ്ഞു.

Tags:    
News Summary - Shashi Tharoor's hunters hit hard K Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.