കോട്ടയം: ഭാര്യയെ മതം ക്രിസ്ത്യാനിയാക്കിയതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വേദനയെന്ന് ഈയിടെ ബി.ജെ.പിയിൽ ചേർന്ന പി.സി. ജോർജിന്റെ മകൻ ഷോൺ ജോർജ്. എങ്കിൽ സംഘ്പരിവാറിന്റെ നേതൃത്വത്തിൽ ഘർവാപ്പസി നടത്തി വീണ്ടും ഹിന്ദു ആക്കിക്കൂടേ എന്ന ചോദ്യവുമായി നെറ്റിസൺസ്.
സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഭാര്യയെ മതംമാറ്റിയത് സംബന്ധിച്ച് ഷോൺ അഭിപ്രായം പറഞ്ഞത്. നടൻ ജഗതി ശ്രീകുമാറിന്റെ മകൾ പാർവതിയെ ആണ് ഷോൺ വിവാഹം കഴിച്ചത്. മാമോദിസ മുക്കി ക്രിസ്ത്യാനിയാക്കിയ ശേഷം 2007 ൽ ആയിരുന്നു വിവാഹം. പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും.
‘എന്റെ അമ്മായിഅപ്പനും ഒരു പറ്റം ആളുകളും ചേർന്ന് നിർബന്ധിച്ച് എന്റെ ഭാര്യയെ മതം മാറ്റി ക്രിസ്ത്യാനിയാക്കിയാണ് കല്യാണം കഴിച്ചത്. അന്ന് അതിന്റെ ഗൗരവം എനിക്ക് മനസിലായിരുന്നില്ല. അവളോടുള്ള സ്നേഹം കൊണ്ട് കല്യാണം കഴിക്കുന്ന കാര്യമേ ഞാൻ ചിന്തിച്ചിരുന്നുള്ളു. പിന്നീട് എനിക്ക് മനസിലായി, ലോകത്തെ ഏറ്റവും വലിയ തെറ്റ് നിർബന്ധിത മതപരിവർത്തനമാണ്. അവൾ എന്നെയാണ് സ്നേഹിച്ചത്. ഇന്നെന്റെ ഏറ്റവും വലിയ വേദന ഭാര്യയെ മതം മാറ്റിയതാണ്’ -ഷോൺ ജോർജ് പറഞ്ഞു.
നിർബന്ധിത മതംമാറ്റത്തിന് പല സ്ഥലങ്ങളിലും പല രീതിയിൽ പ്രതികരണം ഉണ്ടായിട്ടുണ്ടാകാമെന്നും ഇന്ത്യയിലെ ക്രൈസ്തവവിരുദ്ധ ആക്രമണങ്ങളെ ന്യായീകരിച്ച് ഷോൺ പറഞ്ഞു. 2019ലെ തെരഞ്ഞടുപ്പിൽ ബി.ജെ.പിയെ പിന്തുണച്ചപ്പോൾ എതിർത്തിരുന്നവർ ഇപ്പോൾ തങ്ങളുടെ ബി.ജെ.പി പ്രവേശനത്തെ അംഗീകരിച്ചതായും ഷോൺ അവകാശപ്പെട്ടു. പി.സി. ജോർജിനേക്കാൾ ബി.ജെ.പിയിൽ ചേരണമെന്ന് ആഗ്രഹിച്ചത് താനാണെന്നും 101 ശതമാനം സംതൃപ്തിയോടെയാണ് ചേർന്നതെന്നും ഷോൺ ജോർജ് പറഞ്ഞു.
ജഗതിയുടെ നിർദേശപ്രകാരമാണ് പാർവതി ഷോണിനെ മതം മാറ്റിയതെന്ന് പി.സി ജോർജ് നേരത്തെ അവകാശപ്പെട്ടിരുന്നു. ‘നിങ്ങളെ മകനെയും അവരുടെ മക്കളെയും നിങ്ങൾ പള്ളിസ്ഥലത്ത് അടക്കും, എന്റെ മകൾ ഹിന്ദു ആയതുകൊണ്ട് നിങ്ങൾ തെമ്മാടിക്കുഴിയിലെ അടക്കുകയുള്ളു. അത് വേണ്ട’ എന്ന് പറഞ്ഞാണ് മകളെ മാമോദീസ മുക്കണം എന്ന് ജഗതി ആവശ്യപ്പെട്ടതെന്നായിരുന്നു പി.സി. ജോർജ് പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.