കാസർകോട്: പാചകവാതകമടക്കമുള്ള പെട്രോളിയം ഉൽപന്നങ്ങളുടെ വിലവർധനവിൽ പ്രതിഷേധിച്ചും പെട്രോളിയം ഉൽപന്നങ്ങളെ ജി.എസ്.ടിയിൽ ഉൾപ്പെടുത്തണമെന്നും നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ടും ഹോട്ടലുടമകൾ തലമുണ്ഡനം ചെയ്ത് പിച്ചച്ചട്ടിയെടുത്ത് സമരം നടത്തി. കാസർകോട് ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ നടത്തിയ ധർണ കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ ജില്ല സെക്രട്ടറി നാരായണ പൂജാരി ഉദ്ഘാടനം ചെയ്തു.
സമരത്തിെൻറ ഭാഗമായി ഡി. അജേഷ്, മുഹമ്മദ് കാസിം എന്നിവർ തലമുണ്ഡനം ചെയ്തു. തുടർന്ന് പങ്കെടുത്തവർ പിച്ചച്ചട്ടിയുമായി പ്രതിഷേധ സമരം നടത്തി. ജില്ല പ്രസിഡൻറ് അബ്ദുല്ല താജ് അധ്യക്ഷത വഹിച്ചു. ധർണയിൽ രാജൻ കളക്കര, രാംപ്രസാദ്, മുഹമ്മദ് ഗസാലി ഐഡിയൽ, രഘുവീർ പൈ, ശ്രീനിവാസ ഭട്ട്, വെങ്കിട്ട രമണ ഹൊള്ള എന്നിവർ സംസാരിച്ചു.
പെട്രോളിയം ഉൽപന്നങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റം ഹോട്ടൽ വ്യാപാരമേഖലയെ പ്രതിസന്ധിയിലാക്കിയതായി കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ ജില്ല സെക്രട്ടറി നാരായണ പൂജാരി പറഞ്ഞു. ഹോട്ടൽ പാചകവാതകത്തിന് അടുത്തകാലത്ത് 400 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. ലൈസൻസ് എടുക്കുമ്പോഴും എല്ലാതരത്തിലും ഹോട്ടൽ വ്യാപാരികളെ നിയമംകൊണ്ട് ബുദ്ധിമുട്ടുകയാണ് സർക്കാർ. അതേസമയം, ഒരുതരത്തിലുള്ള നിയമങ്ങളും പാലിക്കാതെ തട്ടുകടകൾ ജില്ലയിലെ പലഭാഗങ്ങളിലും പ്രവർത്തിക്കുന്നു. ഇതിനെതിരെ അധികൃതരുടെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.