കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ഗുരുതര ആരോപണവുമായി തിലകന്‍റെ മകൾ സോണിയ തിലകൻ. പ്രമുഖ നടനിൽനിന്ന് ദുരനുഭവം നേരിട്ടതായി അവർ വെളിപ്പെടുത്തി.
സ്വാധീനമുള്ള പ്രമുഖ നടനിൽനിന്നാണ് ദുരനുഭവം നേരിട്ടത്. മുറിയിലേക്ക് വരാൻ ആവശ്യപ്പെട്ട് സന്ദേശം അയച്ചു. മോൾ എന്നാണ് വിളിച്ചത്, ചെറുപ്പം മുതലേ കാണുന്നയാളാണ് വിളിച്ചത്. സിനിമയിലെ ഒരു നടനാണ് സന്ദേശം അയച്ചത്. പേര് ഉചിതമായ സമയത്ത് പറയും. ഹേമ കമ്മിറ്റി റിപ്പോർട്ട് മുഴുവനായും പുറത്തുവിടണമെന്നും ഇരകൾക്ക് നീതി ലഭിക്കമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
താര സംഘടനയായ അമ്മക്കെതിരെയും സോണിയ രംഗത്തെത്തി. അച്ഛനെ പുറത്താക്കാൻ കാണിച്ച ആർജവം ഇപ്പോൾ എന്തുകൊണ്ട് അമ്മ കാണിക്കുന്നില്ല. അമ്മ എന്ന സംഘടന കോടാലി ആണെന്ന് അച്ഛൻ ഒരിക്കൽ പറഞ്ഞിരുന്നതായും അവർ പ്രതികരിച്ചു. മലയാള സിനിമ മേഖലയിൽ തമ്പ്രാൻ വാഴ്ചയും മാംസക്കച്ചവടവും ലൈംഗികാതിക്രമങ്ങളും മനുഷ്യാവകാശ ധ്വംസനങ്ങളുമാണ് അരങ്ങേറുന്നതെന്ന് ജസ്റ്റിസ് ഹേമ കമീഷൻ റിപ്പോർട്ടിൽ പറയുന്നു.
പ്രമുഖരായ ചില നടന്മാരും സംവിധായകരും നിർമാതാക്കളും പ്രൊഡക്ഷൻ കൺട്രോളർമാരും വരെ സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികൾ വരെ ചൂഷണം ചെയ്യപ്പെട്ടു. 15 അംഗ ക്രിമിനൽ മാഫിയയാണ് മലയാള സിനിമയെ ഭരിക്കുന്നത്. ആരൊക്കെ സിനിമയിൽ നിലനിൽക്കണമെന്ന് തീരുമാനിക്കുന്നത് ഇവരാണ്. ഇവർക്ക് ഇഷ്ടമില്ലാത്തവർക്ക് സിനിമയിൽ വിലക്ക് ഏർപ്പെടുത്തുന്നത് അതിഗൗരവത്തോടെ കാണണം. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത് ഒറ്റപ്പെട്ട സംഭവമല്ല. ഇതിനു മുമ്പും ഇത്തരത്തിൽ പലരും ക്രൂരമായി ആക്രമിക്കപ്പെട്ടിട്ടുണ്ടെങ്കിലും പുറത്തുവന്നത് ഒന്നുമാത്രമാണെന്നും മലയാള സിനിമ മേഖലയിൽ കോളിളക്കം സൃഷ്ടിച്ച് പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നു.
റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങളുണ്ടായിട്ടും നടപടിയെടുക്കാത്തതിൽ വ്യാപക വിമർശനം ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.