തൃശൂർ: ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പുകളിൽ ഇക്കഴിഞ്ഞ ഡിസംബർ വരെ പട്ടികജാതി-വർഗ വിഭാഗക്കാർക്കുള്ള 2,268 സംവരണ ഒഴിവുകൾ നികത്താതെ കിടക്കുന്നു. ജനറൽ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിെൻറ റിപ്പോർട്ടിൽ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജില്ലതലത്തിലെ കണക്കുകൾ കൂടി പരിശോധിച്ചാൽ നികത്തപ്പെടാത്ത ഒഴിവുകൾ പതിനായിരങ്ങളും കടക്കും.
ഓരോ മാസവും പത്താംതീയതിക്കകം ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുകയും ഇത് നികത്താൻ നടപടിയെടുക്കുകയും വേണമെന്ന നിർദേശവും ചട്ടവും നിലനിൽക്കുമ്പോഴാണ് പട്ടികജാതി-വർഗക്കാരെ മാറ്റി നിർത്തുന്നത്.
10 ശതമാനമാണ് പട്ടികജാതി-വർഗ വിഭാഗങ്ങൾക്കുള്ള സംവരണം. ഗസറ്റഡ് റാങ്കിലുള്ള തസ്തികകളിൽ എസ്.സി- 151, എസ്.ടി- 188 എന്നിങ്ങനെ 339ഉം, നോൺ ഗസറ്റഡ് റാങ്ക് തസ്തികകളിൽ എസ്.സി-779, എസ്.ടി- 879 എന്നിങ്ങനെ 1658ഉം, ലാസ്റ്റ് ഗ്രേഡിൽ എസ്.സി- 190, എസ്.ടി- 81 എന്നിങ്ങനെ 271ഉം ഒഴിവുകളാണുള്ളത്. മൃഗസംരക്ഷണ വകുപ്പ്- 17, വാണിജ്യനികുതി വകുപ്പ്- 19, ഉന്നത വിദ്യാഭ്യാസം- രണ്ട്, എക്സൈസ്- രണ്ട്, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ്-രണ്ട്, ധനകാര്യവകുപ്പ്- 15, ഫോറസ്റ്റ്- രണ്ട്, ഫയർ ആൻഡ് റെസ്ക്യൂ സർവിസ്- 71, ആരോഗ്യവകുപ്പ്- 137, ഹോമിയോപ്പതി- മൂന്ന്, ഹാർബർ എൻജിനീയറിങ്- മൂന്ന്, ഹയർസെക്കൻഡറി- 227, വൊക്കേഷനൽ ഹയർ സെക്കൻഡറി- 28, ജലസേചന വകുപ്പ്- 63, വ്യവസായവകുപ്പ്- 94, തൊഴിൽ- ഒമ്പത്, ലാൻഡ് റവന്യു-മൂന്ന്, മെഡിക്കൽ വിദ്യാഭ്യാസം- 273, മോട്ടോർ വാഹന വകുപ്പ്- 23, പഞ്ചായത്ത്- 66, പൊലീസ്- 132, ട്രഷറി- 26, ജയിൽ വകുപ്പ്- നാല്, പബ്ലിക് സർവിസ് കമീഷൻ- ഏഴ് എന്നിങ്ങനെയാണ് കൂടുതൽ ഒഴിവുകളായി കിടക്കുന്നത്. മറ്റ് വിവിധ വകുപ്പുകളിൽ ഒന്നു മുതൽ ഒമ്പത് വരെയുള്ള ഒഴിവുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.