നിലമ്പൂർ: വെള്ളേങ്കാവ് കോളനിയിലെ വസന്തകുമാരിയും നീലിയും രാഗിണിയും മതിൽമൂല കാഞ്ഞിരപ്പുഴയുടെ തീരത്ത് താമസിക്കുന്ന ആമിനയും നബീസയും നമ്പൂരിപ്പൊട്ടി മസ്ജിദുന്നൂറിെൻറ മുകൾനിലയിൽ ചുമർ ചാരിയിരുന്നു.
വീട്ടകങ്ങളിലേക്ക് കുതിച്ചെത്തിയ പ്രളയവെള്ളത്തിൽ ജീവനും വാരിപ്പിടിച്ച് ഓടിയെത്തിയവരാണവർ. മഴ കൊള്ളാതെ, തണുപ്പേൽക്കാതെ അടച്ചുറപ്പുള്ള മേൽക്കൂരക്ക് താഴെ ദൈവത്തിെൻറ ഭവനത്തിൽ മതത്തിെൻറ വേലിക്കെട്ടുകളില്ലാതെ മുട്ടിയുരുമ്മിയിരുന്ന് അവർ വേദനകൾ പങ്കുവെക്കുന്നു. കുഞ്ഞുങ്ങൾ പള്ളിയിൽ ഓടിക്കളിക്കുന്നു. തൊട്ടടുത്ത് നമസ്കരിക്കുന്ന സഹോദരി ദൈവത്തിന് മുന്നിൽ കൈകളുയർത്തി സങ്കടങ്ങളുടെ നനവുണക്കുന്നു.
25 കുടുംബങ്ങളിലായി 123 പേരാണ് ഇവിടെയുള്ളത്. ഇതിൽ 11 ഹിന്ദു കുടുംബങ്ങളാണ്. ആദ്യ ഉരുൾപൊട്ടലുണ്ടായ ബുധനാഴ്ച 16 കുടുംബങ്ങളാണ് എത്തിയത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി ബാക്കിയുള്ളവരും വന്നുചേർന്നു. നമ്പൂരിപ്പൊട്ടി, പൂളപ്പൊട്ടി, വെള്ളേങ്കാവ്, മതിൽമൂല എന്നിവിടങ്ങളിൽനിന്നാണ് ഇവരെത്തിയത്. ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള ഹ്യൂമൻ സർവിസ് ട്രസ്റ്റാണ് പള്ളിയുടെ നടത്തിപ്പുകാർ.
താഴെ നിലയിൽ പള്ളിക്കമ്മിറ്റി ഭാരവാഹികളും സന്നദ്ധ പ്രവർത്തകരും ചേർന്നാണ് ഭക്ഷണം തയാറാക്കുന്നത്. ഭക്ഷണത്തിനും മറ്റുമായി സർക്കാർ പണം അനുവദിക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഒന്നും കിട്ടിയിട്ടില്ലെന്ന് ഭാരവാഹികൾ അറിയിച്ചു.
അതിന് കാത്തുനിൽക്കാതെ മനുഷ്യസ്നേഹികൾ ചൊരിയുന്ന സഹായംകൊണ്ട് ദുരിതാശ്വാസ ക്യാമ്പ് സുഭിക്ഷമായി കഴിയുന്നു. പള്ളിയോട് ചേർന്നുള്ള മദ്റസയിലാണ് ഭക്ഷണവിതരണം. എല്ലാവരും ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുന്നു. പള്ളിയിലും ദുരിതാശ്വാസ ക്യാമ്പുകളിലും കഴിയുന്നവർക്കായി സന്നദ്ധ പ്രവർത്തകർ പുതിയ ബ്ലാങ്കറ്റുകളും മറ്റും എത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.