സ്ത്രീ കരണം നോക്കി കൊടുത്താൽ തീരാവുന്നതല്ലേയുള്ളൂ പ്രശ്നം; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഷൈൻ ടോം ചാക്കോ

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി നടൻ ഷൈൻ ടോം ചാക്കോ. പുതുതായി സിനിമയിലേക്ക് വരുന്ന പെൺകുട്ടിയെ ആരും ഇവിടെ പിടിച്ചുവെച്ചിട്ട് ഒന്നും ചെയ്യുന്നില്ലെന്ന് നടൻ പറഞ്ഞു.

പീഡനത്തിനുശേഷമാണല്ലോ പരാതിയുമായി സ്ത്രീകൾ വരുന്നത്. അങ്ങനെ ഒരു ഇടപാട് ചോദിക്കുമ്പോൾ തന്നെ കരണക്കുറ്റിക്ക് ഒന്നു കൊടുത്താൽ തീരാവുന്നതല്ലേയുള്ളൂ പ്രശ്മമെന്നും നടൻ ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘സ്ത്രീ പീഡിപ്പിക്കപ്പെടുന്നത് ഞാൻ കണ്ടിട്ടില്ല. ഒരു സ്ത്രീ പറയുമ്പോഴാണല്ലോ പീഡനത്തെക്കുറിച്ച് നമ്മൾ അറിയുന്നത്. അങ്ങനെയൊരു സ്ത്രീ പീഡനത്തിന് ഇരയായി എന്ന് പറയുന്നതിന് മുന്നെ ആ സ്ത്രീയും ആ വ്യക്തിയും തമ്മിൽ ഇടപാടുണ്ടല്ലോ. അപ്പോൾ തന്നെ ആ സ്ത്രീ കരണം നോക്കി കൊടുത്താൽ തീരാവുന്നതല്ലേയുള്ളൂ പ്രശ്നം. പുതിയതായി വരുന്ന പെൺകുട്ടിയെ ആരും ഇവിടെ പിടിച്ചുവെച്ച് ഒന്നും ചെയ്യുന്നില്ല’ -ഷൈൻ ടോം ചാക്കോ പ്രതികരിച്ചു.

റിപ്പോർട്ടിൽ പറഞ്ഞ കാര്യങ്ങൾ അംഗീകരിക്കുന്നു. പക്ഷേ അത് ഇവിടെ മാത്രം സംഭവിക്കുന്ന കാര്യമല്ല. എല്ലാ മേഖലയിലും സ്ത്രീകൾ ലൈംഗികാതിക്രമങ്ങൾ നേരിടുന്നുണ്ട്. പീഡിപ്പിക്കപ്പെട്ടു എന്ന് പറയുന്ന സ്ത്രീക്ക് ഒപ്പം നിൽക്കേണ്ടി വരും. പീഡിപ്പിച്ചു എന്ന് ഒരു സ്ത്രീ ഒരു വ്യക്തിയെ ചൂണ്ടി പറയുന്നുണ്ടെങ്കിൽ ആ വ്യക്തി എന്‍റെ സുഹൃത്തോ, സഹപ്രവർത്തകനോ ആണെങ്കിൽ അവനൊപ്പവും എനിക്ക് നിൽക്കേണ്ടി വരുമെന്നും നടൻ കൂട്ടിച്ചേർത്തു.

രഞ്ജിനിയുടെ ഹരജി ഹൈകോടതി ഡിവിഷൻ ബെഞ്ച് തള്ളിയതിനു പിന്നാലെയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്. മലയാള സിനിമയിലെ പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാനാണ് റിട്ട. ജസ്റ്റിസ് ഹേമ അധ്യക്ഷയായി കമ്മിറ്റിയെ സർക്കാർ നിയമിച്ചത്. കമ്മിറ്റി 2019 ഡിസംബർ 31ന് സർക്കാറിനു റിപ്പോർട്ട് കൈമാറിയിരുന്നു. ചില ഭാഗങ്ങൾ ഒഴിവാക്കിയാണ് പുറത്തുവിട്ടത്. 233 പേജുള്ള റിപ്പോർട്ടാണ് പുറത്തുവന്നത്.

ആളുകളുടെ സ്വകാര്യതയെ ‌ബാധിക്കുന്ന, ആളുകളെ തിരിച്ചറിയുന്ന വിവരങ്ങൾ പൂർണമായി ഒഴിവാക്കി. 49–ാം പേജിലെ 96–ാം പാരഗ്രാഫ് ഉണ്ടാകില്ല. 81 മുതൽ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങൾ ഒഴിവാക്കും. 165 മുതൽ 196 വരെയുള്ള പേജുകളിൽ ചില പാരഗ്രാഫുകൾ പുറത്തുവിട്ടിട്ടില്ല. മൊഴികൾ അടക്കമുള്ള അനുബന്ധ റിപ്പോർട്ടും പുറത്തുവിട്ടിട്ടില്ല.

Tags:    
News Summary - Shine Tom Chacko on the Hema Committee Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.