ആലപ്പുഴ: പിണറായി വിജയനോളം തലപ്പൊക്കമുള്ള കണ്ണൂരിലെ ഉന്നത സി.പി.എം നേതാവിനെ ബി.ജെ.പിയിൽ ചേർക്കാൻ ദല്ലാള്‍ നന്ദകുമാർ തങ്ങളുടെ ദേശീയ ഓഫിസിൽ കയറിനിരങ്ങിയതായി ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രൻ. 10 ലക്ഷം രൂപ വാങ്ങിയെന്ന ദല്ലാള്‍ നന്ദകുമാറിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു ശോഭ.
താൻ ബാങ്ക് അക്കൗണ്ടിലേക്ക് 10 ലക്ഷം രൂപ താന്‍ വാങ്ങിയത് ദല്ലാള്‍ നന്ദകുമാറിന് എട്ട് സെന്റ് സ്ഥലം വിൽക്കുന്നതിന്റെ ഭാഗമായിട്ടാണെന്ന് ശോഭ പറഞ്ഞു. ആ സ്ഥലം വില്‍പ്പനയ്ക്ക് വെച്ച സമയത്താണ് ഇദ്ദേഹത്തെ കാണുന്നത്. പത്ത് ലക്ഷം രൂപ തന്ന് ഉടന്‍ തന്നെ സ്ഥലം കച്ചവടം ചെയ്യാന്‍ തയ്യാറാണെന്ന് പറഞ്ഞയാളാണ് ദല്ലാള്‍ നന്ദകുമാർ. 10 ലക്ഷം രൂപ എനിക്ക് അഡ്വാന്‍സായി പൊതിഞ്ഞ പണമായിട്ടാണ് തരുന്നത്. എന്നാല്‍ അത് തന്റെ ബാങ്ക് അക്കൗണ്ടില്‍ തരണമെന്ന് പറഞ്ഞു. അനധികൃതമായി പൈസ വാങ്ങുകയാണെങ്കില്‍ അത് രഹസ്യമായിട്ടല്ലേ വാങ്ങുക.
ശോഭ സുരേന്ദ്രന്‍ ദല്ലാളിന്റെ കയ്യില്‍ നിന്ന് പത്ത് ലക്ഷം രൂപ വാങ്ങിയെങ്കില്‍ അത് ഏതെങ്കിലും പ്രത്യേക കാര്യത്തിന് വേണ്ടിയാണെങ്കില്‍ എന്താണ് ഈ നാണംകെട്ടവന്‍ ഒരു കൊല്ലമായിട്ട് കേസ് കൊടുക്കാത്തത്. മിസ്റ്റര്‍ ദല്ലാള്‍ നന്ദകുമാര്‍, താങ്കള്‍ പല രാഷ്ട്രീയ നേതാക്കളുടേയും പിമ്പായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അങ്ങനെ പലരുടേയും കൂടെ നടന്നിട്ടുണ്ട്. എന്നെ സംബന്ധിച്ച് അഖിലേന്ത്യതലത്തില്‍ നിന്ന് അവശ്യപ്പെടുന്ന കാര്യം ചെയ്യും. എന്നെ കാണാന്‍ പല പ്രമുഖരായിട്ടുള്ള രാഷ്ട്രീയ നേതാക്കളും വരും. ഈ അറിയപ്പെടുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവിന്റെ പേര് നാണംകെട്ട ദല്ലാള്‍ നന്ദകുമാര്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പറയണം. പറഞ്ഞാല്‍ ബാക്കി കാര്യങ്ങള്‍ മാധ്യമങ്ങളുടെ മുന്നില്‍ വെക്കാന്‍ തയ്യാറാകും- ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
പിണറായി വിജയനോളം തലപ്പൊക്കമുള്ള മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നേതാവിനെ ബി.ജെ.പിയിൽ ചേര്‍ക്കാന്‍ ഞങ്ങളുടെ നാഷണല്‍ കമ്മിറ്റി ഓഫിസില്‍ നിരങ്ങിയ ആളാണ് നന്ദകുമാർ. തൃശ്ശൂരില്‍ ഗോവിന്ദന്‍ മാഷ് യാത്ര നടത്തുന്ന ദിവസം രാമനിലയത്തില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഏത് നേതാവ്, എന്തിനാണ് എന്നെ കാണാന്‍ വന്നത് എന്ന് ആട്ടിയോടിച്ചത്. ഈ നേതാവ് ഡൽഹിയിൽ അഖിലേന്ത്യ തലത്തിലുള്ള തന്റെ നേതാവുമായി സംസാരിച്ചത് എന്തിനാണ്. നാളെ പിണറായി വിജയനൊഴിച്ച് ആരെ കിട്ടിയാലും നല്ലവനാണെങ്കില്‍ ബി.ജെ.പി സ്വീകരിക്കും -അവര്‍ കൂട്ടിച്ചേര്‍ത്തു.
എന്തുകൊണ്ടാണ് ഡല്‍ഹിയിലെ ഹോട്ടലില്‍ നടന്ന മീറ്റിങ്ങില്‍ ദല്ലാള്‍ നന്ദകുമാറിനെ ഞങ്ങളുടെ അറിയപ്പെടുന്ന ലീഡർ ആട്ടിയോടിച്ചത്? ദല്ലാളിന് നാക്ക് പിഴച്ച് കിടുകിടാ വിറച്ച് ദല്ലാളിനെ ഡല്‍ഹിയില്‍ നിന്ന് ആട്ടിയോടിച്ചതെന്തിനാണ്. ദല്ലാള്‍ മറുപടി പറയണം.
ഞങ്ങള്‍ നാളെ പിണറായി വിജയനൊഴിച്ച് ആരെ കിട്ടിയാലും നല്ലവനാണെങ്കില്‍ സ്വീകരിക്കും. സ്വീകരിക്കുന്നതിന് മുമ്പ് ആ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവിന്റെ ഹിസ്റ്ററി പഠിക്കും. ഞാനല്ല പഠിക്കുന്നത്. അഖിലേന്ത്യ തലത്തില്‍ ഇരിക്കുന്നവരും പഠിക്കും. ആ പഠനത്തിന് ശേഷമാണ് ഒരു വ്യക്തിക്ക് മെമ്പര്‍ഷിപ്പ് കൊടുക്കുന്നത്. എന്നാല്‍ ദല്ലാള്‍ നടത്തിയ ചര്‍ച്ചയില്‍ ഒന്നാം ഘട്ടം തന്നെ ദല്ലാള്‍ ചോദിച്ചത് കോടാനുകോടി രൂപയാണ്. ദല്ലാള്‍ എന്താണ് വിചാരിച്ചത്. ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ആളെ ചേര്‍ക്കുന്നത് നിങ്ങളെ പോലെയുള്ള ബ്രോക്കര്‍മാർക്ക് പണം കൊടുത്തിട്ടാണെന്നാണോ. അല്ല. ഈ പാര്‍ട്ടി നിങ്ങള്‍ ഉദ്ദേശിച്ച പാര്‍ട്ടിയല്ല. -ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.