തൃശൂർ: നിയമസഭാ തെരെഞ്ഞെടുപ്പിന് മുന്നോടി ചേർന്ന ബി.ജെ.പി സംസ്ഥാന സമിതി യോഗത്തിൽ നിന്ന് മുതിർന്ന നേതാവ് ശോഭ സുരേന്ദ്രൻ വിട്ടുനിൽക്കുന്നു. തൃശൂർ ശ്രീശങ്കര ഓഡിറ്റോറിയത്തിൽ നടക്കുന്ന യോഗത്തിലാണ് ശോഭ സുരേന്ദ്രൻ പങ്കെടുക്കാത്തത്.
പ്രശ്നങ്ങൾ പരിഹരിക്കാതെ യോഗത്തിൽ പങ്കെടുക്കേണ്ടെന്ന നിലപാടാണ് ശോഭയുടേതെന്നാണ് റിപ്പോർട്ട്. അതേസമയം, ശോഭ സുരേന്ദ്രവുമായി യാതൊരു പ്രശ്നവുമില്ലെന്നാണ് സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍റെ വിശദീകരണം.
ജില്ല ജനറൽ സെക്രട്ടറി ഉപരി ഭാരവാഹികളാണ് ഇന്നത്തെ യോഗത്തിൽ പങ്കെടുക്കുന്നത്. സംസ്ഥാനത്തിന്റെ ചുമതലയുള്ള സി.പി രാധാകൃഷ്ണൻ ഉൾപ്പെടെ ദേശീയ നേതാക്കളും സംസ്ഥാന സമിതിയിൽ പങ്കെടുക്കും. കോവിഡിന് ശേഷം നടക്കുന്ന ആദ്യത്തെ സമ്പൂർണ സംസ്ഥാന സമിതിയാണിത്.
റിപ്പബ്ലിക് ദിനത്തിൽ കർഷകർ സംഘടിപ്പിച്ച ടാക്ടർ പരേഡിനെതിരെയാണ് നീണ്ട ഇടവേളക്ക് ശേഷം ശോഭ സുേരന്ദ്രൻ പ്രതികരിച്ചത്. റിപ്പബ്ലിക് ദിനത്തിൽ നടത്തിയ ട്രാക്ടർ കലാപം അക്രമസക്തമാക്കുന്നതിന് പിന്നിൽ പ്രവർത്തിച്ച ദീപ് സിദ്ധുവിനെ പിന്തുണക്കുകയും സംരക്ഷണം നൽകുകയും ചെയ്യുന്നത് കോൺഗ്രസാണെന്ന ആരോപണമാണ് ശോഭ ഉയർത്തിയത്.
ദീപ് സിദ്ധുവിനെ പോലുള്ള ഖാലിസ്ഥാൻ വിഘടനവാദികളെ നിരന്തരം പിന്തുണക്കുകയും സംരക്ഷണം നൽകുകയും ചെയ്യുന്ന കോൺഗ്രസ് അതെല്ലാം ബി.ജെ.പിയുടെ തലയിൽ കെട്ടിവെക്കുകയാണെന്നും ശോഭ ആരോപിച്ചു. എന്നാൽ, ദീപ് സിദ്ധു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷാക്കും ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.