കോഴിക്കോട്: വാഗ്ദാനം ചെയ്ത കോർകമ്മിറ്റി സ്ഥാനം കിട്ടിയില്ലെങ്കിൽ നിയമസഭയിൽ മത്സരിക്കാനില്ലെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻറ് ശോഭ സുരേന്ദ്രൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരെ കണ്ട് പരിഭവമറിയിച്ച ശേഷവും ഉയർന്ന സ്ഥാനം നൽകാൻ വി. മുരളീധരൻ പക്ഷം തയാറാവാത്തതിനാലാണിത്. കെ. സുരേന്ദ്രൻ നയിക്കുന്ന വിജയയാത്ര തുടങ്ങുന്ന 21നകം തീരുമാനമുണ്ടായില്ലെങ്കിൽ നടപടി കടുപ്പിക്കാനാണ് നീക്കം.
ശോഭയെ കോർ കമ്മിറ്റിയിലുൾപ്പെടുത്തണമെന്ന് പാർട്ടി കേന്ദ്രനേതൃത്വത്തോട് ആർ.എസ്.എസ് ആവശ്യെപ്പട്ടിരുന്നു. പരിഗണിക്കണമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ്ങിനോട് നിർദേശിക്കുകയും ചെയ്തു. നഡ്ഡയുെട കേരള പര്യടനത്തിനിടയിൽ ശോഭ തൃശൂരിൽ നടന്ന സംസ്ഥാന സമിതിയിൽ പങ്കെടുത്തിരുന്നു. പിന്നീട് പ്രധാനമന്ത്രിയെ ഡൽഹിയിൽ പോയി കണ്ട് പരാതി അറിയിച്ചു.
പ്രധാനമന്ത്രി കൊച്ചിയിൽ എത്തിയപ്പോഴും ശോഭ സ്വീകരിക്കാനുണ്ടായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടമോ കോന്നിയോ വേണമെന്ന് നേരത്തേ ശോഭ സൂചന നൽകിയിരുന്നു. വി. മുരളീധരൻ കഴക്കൂട്ടത്തും കോന്നിയിൽ കെ. സുരേന്ദ്രനും അങ്കത്തിനിറങ്ങണമെന്ന ആവശ്യം പാർട്ടിയിൽ ഒരുപക്ഷം ഉയർത്തുന്നുണ്ട്്.
അതിനിടെ, സോഷ്യൽ മീഡിയയിൽ നരേന്ദ്ര മോദിക്കൊപ്പമുള്ള ബി.ജെ.പി കോർകമ്മിറ്റി അംഗങ്ങളുടെ ഫോട്ടോക്കെതിരെ കമൻറുകൾ പെരുകുകയാണ്. കേരള കോർകമ്മിറ്റിയിൽ പേരിനുപോലും സ്ത്രീയില്ലേയെന്നാണ് ചോദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.