തിരൂരങ്ങാടി: ഷൂ കമ്പനിയുടെ ഡീലർഷിപ്പ് നൽകാമെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങി തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ മലപ്പുറം സ്വദേശിയെ തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ഹാജ്യാർപള്ളി ഊരകം കീഴ്മുറി അത്തമാനകത്ത് അഫ്‌സൽ ഹുസൈനെ(49) നെയാണ് തിരൂരങ്ങാടി സി.ഐ.ബാബുരാജനും സംഘവും അറസ്റ്റ് ചെയ്തത്. തേഞ്ഞിപ്പലം ചെനക്കലങ്ങാടി മാങ്ങാട്ട് മുഹമ്മദിൽ നിന്നും 85,38,500 രൂപ വാങ്ങി കബളിപ്പിച്ചെന്ന് പരപ്പനങ്ങാടി കോടതിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ തേഞ്ഞിപ്പലം പൊലീസ് കേസെടുത്തത്.
പാലക്കാട് കൊഴിഞ്ഞാമ്പാറ അത്തിക്കോട് പ്രവർത്തിക്കുന്ന 'സ്റ്റാൾവാട്‌സ് ഷൂ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ്' എന്ന കമ്പനിയുടെ ഡീലറാക്കാമെന്ന് അറിയിച്ചാണ് മുഹമ്മദിൽനിന്നും ഇയാൾ പണംവാങ്ങിയത്. 2015 നവംബർ 3 മുതൽ ഒരു വർഷകാലയളവിൽ 26 തവണകളിലായി ബാങ്ക് അക്കൗണ്ട് മുഖേന 47,23,500 രൂപയും, പണമായിട്ട് 38,15,000 രൂപയും നൽകിയെന്നും തമിഴ്‌നാട് ആമ്പൂരിലുള്ള ഒരു ഷൂ ഫാക്ടറിയിൽ കൊണ്ടുപോയി കമ്പനി തന്റേതെന്ന് പരിചയപ്പെടുത്തിയിരുന്നതായും മുഹമ്മദ് പരാതിയിൽ പറയുന്നു. ഇയാളുടെ രണ്ടാമത്തെ വിവാഹമാണ് ഇയാളെ കുടുക്കിയത്. ചേന്ദമംഗല്ലൂർ മൊടവംകുന്നത്ത് അഹമ്മദിന്റെ മകൾ റുക്‌സീനയുമായി 2002 ജൂൺ 16 നാണ് ഇയാളുടെ ആദ്യവിവാഹം. ഇതിൽ ഇവർക്ക് പത്തും എട്ടും വയസ്സുളള രണ്ടു മക്കളുണ്ട്.
2005 മുതൽ ഇയാൾ കുടുംബവുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. ഇതോടെ 2007 ൽ റുക്‌സീന മുക്കം പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് മക്കൾക്ക് ചിലവിനു ലഭിക്കാൻ കോഴിക്കോട് കുടുംബ കോടതിയിൽ കേസ് കൊടുത്തു. റുക്‌സീന ജോലിക്കായി പാലക്കാട്ടേക്ക് താമസം മാറ്റിയതോടെ കേസും പാലക്കാട്ടേക്ക് മാറ്റി. കേസിൽ അനുകൂല വിധിവന്നതോടെ ഇയാൾ ഒളിവിൽ പോവുകയായിരുന്നത്രെ. വാറണ്ട് നിലനിന്ന ഈകേസിൽ കോഴിക്കോട് കുതിരവട്ടത്തെ ഫഌറ്റിൽ നിന്നും ഇയാളെ മലപ്പുറം പോലീസ് പിടികൂടിയിരുന്നു. തുടർന്ന് കോടതിയിൽ ഹാജരാക്കുകയും കുടിശ്ശിക വരുത്തിയ മക്കളുടെ ചിലവിനുള്ള 93,000 രൂപ കോടതിയിൽ കെട്ടിവെച്ച് പുറത്തിറങ്ങിയ ഉടനെ പാലക്കാട് വെച്ച് തിരൂരങ്ങാടി പൊലീസ് പിടികൂടുകയായിരുന്നു. ഷൂ കമ്പനിയുടെ പേരിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇയാൾ പണം പറ്റിയിട്ടുണ്ടെന്നും ഇയാൾക്കെതിരെ എറണാംകുളം, കാഞ്ഞിരപ്പളളി, കോഴിക്കോട് മുക്കം തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലും കേസുകളുണ്ടെന്നും പറയപ്പെടുന്നു. പ്രതിയെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.