കൊച്ചി: പെരുമ്പാവൂർ ഓടക്കാലിയിൽ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാഹനത്തിന് നേരെ ഷൂ എറിഞ്ഞ കേസിൽ കെ.എസ്.യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്. കണ്ടാൽ അറിയാവുന്ന 4 പേർക്ക് എതിരെയാണ് കുറുപ്പുംപടി പൊലീസ് കേസ് എടുത്തത്.
സംഭവത്തിൽ നാല് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഷൂ ഏറിന് പിന്നാലെ പൊലീസ് ലാത്തിവീശി. കരിങ്കൊടി കാണിക്കാനെത്തിയ കെ.എസ്.യു പ്രവർത്തകരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ മർദിക്കുകയും ചെയ്തു. പൊലീസ് നോക്കിനിൽക്കുമ്പോഴായിരുന്നു മർദനം. കെ.എസ്.യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും കൊടി ഡി.വൈ.എഫ്.ഐക്കാർ കൂട്ടിയിട്ട് കത്തിച്ചു.
കെ.എസ്.യു പ്രതിഷേധത്തോട് രൂക്ഷമായ ഭാഷയിലായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചത്. ഏറിനൊക്കെ പോയാൽ അതിന്റേതായ നടപടി വരുമെന്നും അപ്പോൾ വല്ലാതെ വിലപിച്ചിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കോതമംഗലത്ത് നവകേരളസദസ്സിൽ പ്രസംഗിക്കവെ മുന്നറിയിപ്പ് നൽകി. ഇത് നാടിനോടുള്ള ഒരു വെല്ലുവിളിയാണെന്ന് ഇത്തരക്കാർ മനസ്സിലാക്കണം. എന്താണ് ഇവരുടെ പ്രശ്‌നമെന്ന് മനസ്സിലാകുന്നില്ല. എന്താണീ കോപ്രായമെന്ന രീതിയിൽ നാട്ടുകാർ അവരെ അവഗണിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘ഞങ്ങളുടെ ബസിന് നേരെ ഏറുണ്ടായി. എന്താണ് ഇവർക്ക് പറ്റിയത്? ഈ സംഭവത്തെ മൊത്തത്തിൽ മറ്റൊരു രീതിയിൽ മാറ്റിത്തീർക്കാനുള്ള ഗൂഢോദ്ദേശ്യമാണോ? ഈ ആളുകളൊക്കെ കൂടി ശക്തിയായി ഊതിയാൽ കരിങ്കൊടിയായി വരുന്നവരും എറിയാൻ വരുന്നവരും പാറിപ്പോകുമെന്നതാണ് അവസ്ഥ. പക്ഷേ നാട്ടുകാർ നന്നായി സംയമനം പാലിച്ചാണ് നിൽക്കുന്നത്. അതുതന്നെയാണ് വേണ്ടത്. കാരണം അവരുടെ പ്രകോപനത്തിൽ കുടുങ്ങരുത്. ഏറിനൊക്കെ പോയാൽ അതിന്റേതായ നടപടി തുടരുമല്ലോ. നിങ്ങൾ നാട്ടുകാർ ഏറ്റെടുക്കണമെന്നല്ല ഞാൻ പറയുന്നത്. നാട്ടുകാർ ഏറ്റെടുക്കണ്ട. പക്ഷേ, സാധരണ ഗതിയിലുള്ള അതിന്റെതായ നടപടി വരുമ്പോൾ വല്ലാതെ വിലപിച്ചിട്ട് കാര്യമില്ല. ഇത് നാടിനോടുള്ള ഒരുവെല്ലുവിളിയാണെന്ന് ഇത്തരക്കാർ മനസ്സിലാക്കണം. ഈപരിപാടി ആര്‍ക്കെങ്കിലും എതിരെ സംഘടിപ്പിച്ചതല്ല’ -മുഖ്യമന്ത്രി പറഞ്ഞു.
ഇന്നലെ നടന്ന തൊടുപുഴ നിയോജക മണ്ഡലത്തിലെ നവകേരള സദസ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. തൊടുപുഴയിൽ നവകേരള സദസ്സ് കഴിഞ്ഞ് ഇടുക്കിക്ക് തിരിച്ച മുഖ്യമന്ത്രിയും സംഘവും സഞ്ചരിച്ച ബസിനു നേരേ മൂലമറ്റം അശോക കവലയിൽ യൂത്തുകോൺഗ്രസുകാർ പൊലീസ് വലയം ഭേദിച്ച് കരിങ്കൊടി കാണിച്ചു. പൊലീസ് പിടികൂടാനെത്തിയപ്പോൾ പ്രതിഷേധക്കാർ കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടു.
ഇടുക്കി ജില്ലയിലാണ് നവകേരളയാത്രയുടെ ഇന്നത്തെ പര്യടനം. ഇടുക്കി, ദേവികുളം, ഉടുമ്പൻചോല മണ്ഡലങ്ങളിലാണ് നവകേരള സദസുകൾ നടക്കുന്നത്. ചെറുതോണിയിൽ പ്രഭാത യോഗവും തുടർന്ന് മുഖ്യമന്ത്രിയുടെ പത്രസമ്മേളനവും നടക്കും. പ്രതിഷേധം കണക്കിലെടുത്ത് മുഖ്യമന്ത്രിയെത്തുന്നതിന് മുമ്പായി തൊടുപുഴയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വൻ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. നാളെ തേക്കടിയിൽ മന്ത്രിസഭാ യോഗവും പിന്നീട് പീരുമേട് മണ്ഡത്തിലെ നവകേരള സദസും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.