ഷൊർണൂർ: ഭാരതപ്പുഴക്ക് കുറുകെ റെയിൽപാലത്തിൽ തൊഴിലാളികളുടെ ജീവൻ പൊലിയാനിടയാക്കിയത് അധികൃതരുടെ ഗുരുതര അനാസ്ഥയെന്ന് ആക്ഷേപം. വെള്ളിയാഴ്ച പുതുതായി ജോലിയിൽ പ്രവേശിച്ച ഇവർക്ക് ഷൊർണൂരിലെ റെയിൽവേ മേൽപാലത്തെ സംബന്ധിച്ചോ ട്രെയിൻ വരുന്ന വേഗമടക്കമുള്ള കാര്യങ്ങളോ അറിയില്ലായിരുന്നു. റെയിൽവേ ജങ്ഷനിൽനിന്ന് നാലു ഭാഗത്തേക്കുള്ള ട്രാക്കുകളിലും നിശ്ചിത ദൂരത്തിൽ ‘ട്രാക്ക് പിക്കിങ്’ എന്ന പേരിൽ ട്രാക്ക് വൃത്തിയാക്കുന്ന ജോലിയുണ്ട്. ഇതിന് സ്വകാര്യ വ്യക്തികൾക്ക് കരാർ നൽകുകയാണിപ്പോൾ ചെയ്യുന്നത്. ഇപ്പോൾ ഏർപ്പെടുത്തിയ പുതിയ കരാറുകാരൻ കൊണ്ടുവന്ന തൊഴിലാളികളാണ് മരിച്ചത്.
ഷൊർണൂർ മുതൽ എറണാകുളം ട്രാക്കിൽ ചെറുതുരുത്തി പൈങ്കുളം റെയിൽവേ ഗേറ്റ് വരെ പാലക്കാട് ഡിവിഷന് കീഴിലാണ്. അതിനാൽ ഷൊർണൂരിലെ കരാറുകാരൻ ഇതുവരെയുള്ള ട്രാക്ക് വൃത്തിയാക്കേണ്ടതുണ്ട്. ഇവിടേക്ക് എത്തണമെങ്കിൽ റെയിൽവേ പാലം കടക്കണം. ഇതിനായി പാലത്തിലൂടെ പോകുമ്പോഴാണ് തൊഴിലാളികൾ അപകടത്തിൽപെട്ടത്. റോഡ് മാർഗം വാഹനത്തിലോ നടന്നോ മറുഭാഗത്തേക്ക് പോകാവുന്നതേയുള്ളൂ. എന്നാൽ, കരാറുകാരൻ ഈ സാധ്യത പറഞ്ഞുകൊടുത്തിട്ടുണ്ടാവില്ലെന്ന് വേണം കരുതാൻ.
ഷൊർണൂർ ജങ്ഷനിൽ വരാതെ പാലക്കാട് ഭാഗത്തുനിന്ന് എറണാകുളം ഭാഗത്തേക്കും തിരിച്ചും പോകുന്ന ട്രെയിനുകൾ നല്ല വേഗത്തിലാണ് പാലം കടക്കുക. അപരിചിതരായ തൊഴിലാളികൾ അപകടത്തിൽപെടാൻ ഇതും കാരണമായി.
പാലക്കാട് ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള കേരള എക്സ്പ്രസ് കടന്നുവരുമ്പോൾ രണ്ടു പാലങ്ങളിലുമായി പത്തു തൊഴിലാളികളുണ്ടായിരുന്നു. ഇതിൽ ട്രെയിൻ വന്ന ട്രാക്കിലുള്ളവരാണ് അപകടത്തിൽപെട്ടത്. പാലത്തിൽ പണിയെടുക്കുന്നവർക്ക് ട്രെയിൻ വരുമ്പോൾ കയറി നിൽക്കാൻ റെസ്ക്യൂ ഷെൽട്ടറുകളുണ്ട്. ഇതിലേക്ക് കയറാനുള്ള സാവകാശം ലഭിക്കാത്തതോ അതേക്കുറിച്ച അറിവില്ലായ്മയോ പ്രശ്നമായെന്നാണ് നിഗമനം. പുഴയിലേക്ക് വീണയാൾക്കായി ഫയർ ആൻഡ് റെസ്ക്യൂ ടീമും നാട്ടുകാരും ഏറെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സ്കൂബ ടീമിനെയെത്തിച്ച് ഞായറാഴ്ച തിരച്ചിൽ തുടരുമെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.