ഗാന്ധിനഗർ: മെഡിക്കൽ കോളജ് നെഫ്രോളജി വിഭാഗത്തിൽ ഡോക്ടർമാരുടെ കുറവുമൂലം ശസ്ത്രക്രിയകൾ മാറ്റിവെക്കുന്നു. മാസത്തിൽ ഒന്നിടവിട്ടുള്ള ചൊവ്വാഴ്ചകളിലാണ് ശസ്ത്രക്രിയകൾ നടന്നുവന്നിരുന്നത്. എന്നാൽ, ജനുവരിക്കുശേഷം ശസ്ത്രക്രിയ നടക്കുന്നില്ല.
ഈ വിഭാഗത്തിൽ മാത്രമായി എട്ടു ഡോക്ടർമാരുടെ കുറവാണുള്ളത്. ശസ്ത്രക്രിയകൾ നടക്കാത്തത് മൂലം ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിൽ നിന്നും കോട്ടയം ജില്ലയുടെ വിദൂര സ്ഥലങ്ങളിൽനിന്നുമായി ശസ്ത്രക്രിയകൾക്കു വേണ്ടി എത്തുന്ന രോഗികൾ ബുദ്ധിമുട്ടുകയാണ്. ശസ്ത്രക്രിയ വേണ്ടിവരുന്ന ഭൂരിപക്ഷം രോഗികളും മെഡിക്കൽ കോളജ് പരിസരത്ത് ഭീമമായ തുക നൽകി വീട് വാടകക്ക് എടുത്തു താമസിക്കുകയാണ്.
ശസ്ത്രക്രിയ നീളുന്നതുമൂലം വാടക നൽകാൻ കഴിയാതെ വീട് ഒഴിയേണ്ട സ്ഥിതിയിലാണ് ചില രോഗികൾ. ആഗസ്റ്റുവരെ ശസ്ത്രക്രിയ നടത്തുന്നതിനായി രോഗികൾക്ക് തീയതി നൽകിയിട്ടുണ്ടെങ്കിലും പറഞ്ഞ തീയതികളിൽ നടക്കുമെന്ന പ്രതീക്ഷയില്ലെന്ന് രോഗികൾ പറയുന്നു. എന്നാൽ, ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ ശക്തമായ ഇടപെടൽ നടത്തുന്നുണ്ടെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.