കൊച്ചി: അപകടത്തിൽപെട്ട വാഹനം വിട്ടുകിട്ടാനുള്ള കോടതി ഉത്തരവുമായി പാലക്കാട് ആലത്തൂർ പൊലീസ് സ്റ്റേഷനിലെത്തിയ അഭിഭാഷകനോട് മോശമായി പെരുമാറിയ എസ്.ഐ വി.ആർ. റെനീഷിന് രണ്ടുമാസത്തെ സാധാരണ തടവുശിക്ഷ വിധിച്ച് ഹൈകോടതി. അതേസമയം, എസ്.ഐ സമാന നിയമലംഘനങ്ങളിൽ ഏർപ്പെടരുതെന്ന് നിർദേശിച്ച് ശിക്ഷ ഒരു വർഷത്തേക്ക് മരവിപ്പിക്കുകയും ചെയ്തു.
അഭിഭാഷകൻ ആക്വിബ് സുഹൈൽ നൽകിയ കോടതിയലക്ഷ്യ ഹരജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ അപൂർവ നടപടി. ശിക്ഷ മരവിപ്പിച്ചതിനാൽ എസ്.ഐ തൽക്കാലം ജയിലിൽ പോകേണ്ടി വരില്ല. സംഭവദിവസം അവധിയിലായിരുന്ന എസ്.എച്ച്.ഒ ടി.എൻ. ഉണ്ണികൃഷ്ണനെതിരായ കോടതിയലക്ഷ്യ നടപടികൾ ഹൈകോടതി അവസാനിപ്പിച്ചു.
റിനീഷ് കുറ്റം ഏറ്റെടുക്കുകയും കോടതിയിൽ നേരിട്ട് ഹാജരായി മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നു. എന്നാൽ, കോടതിയലക്ഷ്യത്തിൽ എല്ലായ്‌പ്പോഴും മാപ്പപേക്ഷ പരിഹാരമല്ലെന്ന സുപ്രീംകോടതി ഉത്തരവ് ഉദ്ധരിച്ചാണ് ഹൈകോടതി ഉത്തരവ്. കുറ്റം ഏറ്റെടുത്ത റെനീഷ് വിചാരണ നേരിടേണ്ടതാണെന്ന് കോടതി പരാമർശിച്ചെങ്കിലും അതിൽനിന്ന് ഒഴിവാക്കണമെന്ന് അഭിഭാഷകൻ അപേക്ഷിച്ചു. തുടർന്നാണ് ഹൈകോടതി തന്നെ ശിക്ഷ പ്രഖ്യാപിച്ചത്. പൊലീസിന്‍റെ മോശം പെരുമാറ്റം സംബന്ധിച്ച മറ്റ് രണ്ട് ഹരജികളിൽ തുടർനടപടി അവസാനിപ്പിച്ചു. പ്രകോപനങ്ങൾക്ക് പൊലീസ് വശംവദരാകരുതെന്നും കോടതി മുന്നറിയിപ്പ് നൽകി.
കോടതി ഉത്തരവുമായി ആലത്തൂർ സ്റ്റേഷനിലെത്തിയ അഭിഭാഷകനോട് എസ്.ഐ റിനീഷ് തട്ടിക്കയറുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചിരുന്നു. തുടർന്ന് വിഷയം ഹൈകോടതിയുടെ പരിഗണനക്കെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.