സിദ്ധാർഥിന്‍റെ ആത്മഹത്യ: കെ.എസ്.യു അനിശ്ചിതകാല റിലേ നിരാഹാര സമരം തുടങ്ങി

പൂക്കോട്: ആൾക്കൂട്ട വിചാരണക്കും മർദനത്തിനും ഇരയായ പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കെ.എസ്.യു അനിശ്ചിതകാല റിലേ നിരാഹാരസമരം തുടങ്ങി. കെ.എസ്.യു ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോളജ് കവാടത്തിന് മുന്നിലാണ് അനിശ്ചിതകാല റിലേ നിരാഹാരസമരം തുടങ്ങിയത്.

സിദ്ധാർഥൻ ആത്മഹത്യ ചെയ്ത കേസിലെ ഒന്നാംപ്രതിയെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സീനിയർ വിദ്യാർഥി പാലക്കാട്, പട്ടാമ്പി, ആമയൂര്‍ കോട്ടയില്‍ വീട്ടില്‍ കെ. അഖിലിനെയാണ് (28) പ്രത്യേക അന്വേഷണസംഘം ഒളിവിൽ കഴിയുന്നതിനിടെ പാലക്കാടുള്ള ബന്ധുവീട്ടിൽ നിന്ന് പിടികൂടിയത്. ഇതോടെ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.

ഫെബ്രുവരി 18നാണ് ബി.വി.എസ്‍സി രണ്ടാംവര്‍ഷ വിദ്യാർഥിയായ സിദ്ധാർഥനെ (21) വെറ്ററിനറി സര്‍വകലാശാലയിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ കഴിഞ്ഞ ദിവസം ആറു പേരെ അറസ്റ്റ് ചെയ്തിരുന്നു.

കോളജിൽ നിന്ന് സസ്‌പെൻഡ് ചെയ്ത 12 വിദ്യാർഥികളിൽപെട്ടയാളാണ് അഖിൽ. കേസിൽ ഉൾപ്പെട്ട എസ്.എഫ്.ഐ നേതാക്കളടക്കം 11 പേരെ പിടികൂടാനുണ്ട്. സിദ്ധാർഥിനെ മർദിച്ചവരിൽ അഖിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. മറ്റു പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കുമെന്നും നടപടി തുടങ്ങിയെന്നും ഡിവൈ.എസ്.പി ടി.എൻ. സജീവൻ പറഞ്ഞു.

Tags:    
News Summary - Siddharth's suicide: KSU relay has started an indefinite hunger strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.