തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർഥിന്റെ ആത്മഹത്യയിൽ ആഭ്യന്തര വകുപ്പ് സ്വീകരിക്കുന്ന തണുപ്പൻ സമീപനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. കുറ്റക്കാർക്ക് സംരക്ഷണ കവചം ഒരുക്കുന്ന എസ്.എഫ്.ഐ നേതൃത്വം കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംഭവത്തിൽ പതിനൊന്നു വിദ്യാർഥികളെ കോളജിൽ നിന്ന് സസ്പൻ്റ് ചെയ്തിട്ടുണ്ട്. സംഭവമായി ബന്ധപ്പെട്ട് പതിനൊന്ന് ദിവസം പിന്നിടുമ്പോഴാണ് ആറ് എസ്.എഫ്.ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുക്കാനെങ്കിലും തയാറായിട്ടുള്ളത്. കെ.എസ്.യു സംസ്ഥാന പൊലീസ് മേധാവിക്കും സിദ്ധാർഥിന്റെ കുടുംബം ലോ ആൻഡ് ഓർഡർ ചുമതലയുള്ള എ.ഡി.ജി.പിക്കും പരാതി നൽകിയിട്ടും കുറ്റക്കാർക്ക് തണലൊരുക്കുന്ന ആഭ്യന്തര വകുപ്പിൻ്റെ സമീപനത്തിനെതിരെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും അലോഷ്യസ് സേവ്യർ അറിയിച്ചു.
പ്രതികൾ എസ്.എഫ്.ഐ നേതാക്കളാണെന്നും കണ്ടെത്താനാകുന്നില്ലന്നും പറഞ്ഞ് കണ്ണടച്ച് ഇരുട്ടാക്കാനാണ് പൊലീസ് ഇതുവരെ ശ്രമിച്ചത്. എസ്.എഫ്.ഐ ഇടിമുറികളുടെ ഒടുവിലത്തെ രക്ത സാക്ഷിയാണ് സിദ്ധാർഥ്. സിദ്ധാർഥിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഉന്നതതല അന്വേഷണം നടത്തണം. സഹപാഠികൾ ചേർന്ന് സിദ്ധാർഥിനെ കൊലപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിച്ചിരുന്നു. കഴിഞ്ഞ വാലന്റൈൻസ് ദിനത്തിൽ കോളജിൽ വിദ്യാർത്ഥികൾ തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും സുഹൃത്തുക്കളും സീനിയേഴ്സും ചേർന്ന് സിദ്ധാർഥിനെ മർദിച്ച് കെട്ടിതൂക്കിയെന്നുമാണ് കുടുംബത്തിന്റെ ആരോപണം ഗൗരവതരമാണ്.
സിദ്ധാർഥിന്റെ കുടുംബത്തെ സംസ്ഥാന പ്രസിന്റിന്റെ നേതൃത്വത്തിൽ കെ.എസ്.യു സംഘം സന്ദർശനം നടത്തി അവശ്യമായ പിന്തുണ നൽകും. കുറ്റക്കാരെ സംരക്ഷിക്കുന്ന ബന്ധപ്പെട്ട അധികാരികളുടെ സമീപനത്തിനെതിരെ മാർച്ച് നാല് തിങ്കളാഴ്ച്ച സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വയനാട് വെറ്റിനറി സർവകലാശാല ആസ്ഥാനത്തേക്ക് പ്രതിഷേധമാർച്ച് സംഘടിപ്പിക്കുമെന്നും പ്രസിഡൻറ് അലോഷ്യസ് സേവ്യർ അറിയിച്ചു..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.