ന്യൂഡൽഹി: സിനിമയിൽ അവസരം വാഗ്ദാനംചെയ്ത് ബലാത്സംഗം നടത്തിയെന്ന കേസിൽ നടൻ സിദ്ദീഖിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീംകോടതി രണ്ടാഴ്ചത്തേക്ക് മാറ്റി. ചൊവ്വാഴ്ച കേസ് പരിഗണിച്ചപ്പോൾ പൊലീസ് സമർപ്പിച്ച തൽസ്ഥിതി റിപ്പോർട്ടിന് മറുപടി നൽകാൻ സിദ്ദീഖിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വി. ഗിരി സാവകാശം തേടിയതിനെതുടർന്നാണ് കേസ് മാറ്റിയത്. അതുവരെ സുപ്രീംകോടതി അനുവദിച്ച ഇടക്കാല ജാമ്യം തുടരും.
ഇടക്കാല ജാമ്യം ലഭിച്ചതിനുശേഷം സിദ്ദീഖ് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരായിട്ടുണ്ടെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. പരാതി നൽകാൻ എട്ടുവർഷം വൈകിയത് എന്തുകൊണ്ടാണെന്ന് ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണനക്ക് വന്നപ്പോഴും ജസ്റ്റിസ് ബേലാ എം. ത്രിവേദി ചോദിച്ചു.
കേരള സർക്കാറിനുവേണ്ടി ഹാജരായ അഭിഭാഷകൻ രഞ്ജിത് കുമാർ ഹേമ കമീഷൻ റിപ്പോർട്ടിന്റെ പശ്ചാത്തലം വിശദീകരിച്ചു. അന്വേഷണം തടസ്സപ്പെടുത്താൻ സിദ്ദിഖ് ഇലക്ട്രോണിക് ഉപകരണങ്ങൾ നശിപ്പിച്ചുവെച്ചും സമൂഹമാധ്യമ അക്കൗണ്ട് നിർജീവമാക്കിയെന്നും സർക്കാർ അഭിഭാഷകൻ വാദിച്ചു.
തെളിവ് നശിപ്പിക്കാൻ ഉദ്ദേശ്യമുണ്ടായിരുന്നുവെങ്കിൽ സിദ്ദീഖിന് അത് നേരത്തേ ചെയ്യാമായിരുന്നില്ലേ എന്ന് ബെഞ്ച് ചോദിച്ചു. താൻ നേരിട്ട അതിക്രമം 2018 മുതൽ ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ടെന്ന് അതിജീവിതക്കുവേണ്ടി ഹാജരായ അഭിഭാഷക വൃന്ദാ ഗോവറും കോടതിയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.