ആലപ്പുഴ: സംസാര-കേൾവി ശേഷിയില്ലാത്തവർ കൈകളുടെ ചലനങ്ങളിലൂടെ പ്രകടിപ്പിക്കുന്ന വികാരങ്ങളും ചിന്തകളും ശബ്ദമാക്കി മാറ്റുന്ന സംവേദനാത്മക വിവർത്തന രീതിയുമായി കളമശ്ശേരി രാജഗിരി സ്കൂൾ വിദ്യാർഥികൾ. സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ വർക്കിങ് മോഡൽ വിഭാഗത്തിലാണ് രാജഗിരി സ്കൂളിലെ 10ാം ക്ലാസ് വിദ്യാർഥി ഋഗ്വേദ് മാനസും ഒമ്പതാം ക്ലാസ് വിദ്യാർഥി ജോഹാനും വേറിട്ട കണ്ടുപിടിത്തം അവതരിപ്പിച്ചത്.
ശബ്ദം കേൾക്കാനാകാതെയും കാര്യങ്ങൾ പറഞ്ഞറിയിക്കാനാകാതെയും പ്രയാസപ്പെടുന്നവർക്ക് സഹായകമായി എ.ഐ സാങ്കേതികവിദ്യയുടെ സഹായത്താൽ പ്രവർത്തിപ്പിക്കാൻ കഴിയുന്ന ആംഗ്യഭാഷാ വിവർത്തന യന്ത്രമാണ് ഇവർ അവതരിപ്പിച്ചത്. ആശയവിനിമയം കടമ്പയായി മാറിയതിലൂടെ നിത്യജീവിതത്തിൽ ഒറ്റപ്പെടുന്നവർക്ക് ആശ്വാസമാകുന്ന ചെലവ് കുറഞ്ഞ സംവിധാനമാണിതെന്ന് ഇരുവരും അവകാശപ്പെടുന്നു.
സൈൻ ഭാഷയെ പ്രത്യേക തരത്തിൽ വികസിപ്പിച്ചാണ് ഇത് രൂപപ്പെടുത്തിയത്. നിലവിൽ ആറ് ആംഗ്യങ്ങളും 60ഓളം ഭാഷയിലും വിവർത്തനം ചെയ്യാനാകുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. എ.ഐ സാേങ്കതികവിദ്യയിൽ കോഴിക്കോട് എൻ.ഐ.ടി കാമ്പസിൽ ഒരാഴ്ച താമസിച്ച് നേടിയ പഠനമികവാണ് ഋഗ്വേദ് മാനസിനെ ഈ പരീക്ഷണത്തിന് പ്രാപ്തനാക്കിയത്. ജോഹാനെ സഹായിയായി ഒപ്പം കൂട്ടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.