തിരുവനന്തപുരം: ഇ-ശ്രീധരൻ മുന്നോട്ടുവെച്ച ബദൽ അതിവേഗ പാത പദ്ധതിയിൽ ചർച്ച സജീവമാകുമ്പോഴും പാതിവഴിയിൽ നിലച്ച സിൽവർ ലൈനിനായി ചെലവഴിച്ച 64.72 കോടിയിൽ മിണ്ടാട്ടമില്ലാതെ സർക്കാർ. ബദൽ പദ്ധതിയിലേക്ക് മനംമാറ്റമുണ്ടായാലും സാമ്പത്തിക പ്രതിസന്ധിയുടെ കാലത്തെ ഭാരിച്ച ചെലവിടലിനെക്കുറിച്ച് സർക്കാർ മറുപടി പറയേണ്ടിവരും. 100 കോടിവരെ ചെലവിട്ട് പ്രാഥമിക പ്രവർത്തനങ്ങൾ നടത്താമെന്ന കേന്ദ്രാനുവാദത്തെ പദ്ധതിക്കുള്ള പ്രാഥമികാനുമതിയായി വ്യാഖ്യാനിച്ചായിരുന്നു തിരക്കിട്ട ചെലവഴിക്കൽ.
പുതിയ പദ്ധതി അവതരിപ്പിച്ച ശ്രീധരന് കെ-റെയിലിൽ വിശ്വാസമില്ല. ഡി.പി.ആർ തയാറാക്കൽ മുതൽ ബദൽ പാത നിർമാണം വരെ ഡി.എം.ആർ.സിയെ ഏൽപിക്കണമെന്നാണ് മെട്രോമാന്റെ നിലപാട്. ഡി.എം.ആർ.സി ഏറ്റെടുത്താൽ ആറ് വർഷം കൊണ്ട് പദ്ധതി പൂർത്തിയാകുമെന്നും കെ-റെയിലാണെങ്കിൽ 15 വർഷമെടുക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഫലത്തിൽ ശ്രീധരന്റെ ബദലിന് അംഗീകാരം കിട്ടിയാൽ കെ-റെയിലിന്റെ നിലനിൽപ്പുകൂടി അപകടത്തിലാകും.
സർക്കാറിൽനിന്ന് കേന്ദ്രാനുമതി കിട്ടുംമുമ്പ് ഭൂമിയേറ്റെടുക്കൽ സെല്ലുകളടക്കം രൂപവത്കരിച്ച് കെ-റെയിൽ റവന്യൂ ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. ഒരു തുണ്ട് ഭൂമിപോലും ഏറ്റെടുത്തില്ലെങ്കിലും ഇക്കാലയളവിലെ റവന്യൂ ജീവനക്കാരുടെ ശമ്പളം നൽകിയത് കെ-റെയിലാണ്. പദ്ധതി എങ്ങുമെത്താതായതോടെ റവന്യൂ ജീവനക്കാരെയെല്ലാം പിൻവലിച്ചു. ഇവരുടെ ശമ്പളമടക്കം ചെലവുകൾക്കായി വിനിയോഗിച്ച 10.76 കോടി രൂപ ഫലശൂന്യമായി. കല്ലിട്ടുതിരിക്കൽ തടസ്സപ്പെട്ടതോടെ സാമൂഹികാഘാതപഠനവും മുടങ്ങി. ഇതിനായി വാങ്ങിയ മഞ്ഞക്കുറ്റികൾക്കുള്ള പണവും കല്ലിടലിനായി ചെലവിട്ട തുകയും വെറുതെയായി.
മറ്റ് റെയിൽ പദ്ധതികൾക്കും കെ-റെയിലിനെ ചുമതലപ്പെടുത്തിയെങ്കിലും സിൽവർ ലൈനിൽ മാത്രമായിരുന്നു ശ്രദ്ധയും താൽപര്യം. കേന്ദ്രാനുമതി കിട്ടാതെ സിൽവർ ലൈൻ പ്രവർത്തനങ്ങൾ നിലച്ചതോടെ സമൂഹ മാധ്യമങ്ങൾ വഴിയുള്ള അതിവേഗ അവകാശ വാദങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.