കോട്ടയം: സിൽവർ ലൈൻ സംബന്ധിച്ച നടപടികൾ നിശ്ചലമായതോടെ സാമൂഹികാഘാതപഠനം നടത്തിയ ഏജൻസിയായ കേരള വളന്‍ററി ഹെൽത്ത് സർവിസ് (കെ.വി.എച്ച്.എസ്) നിൽക്കണോ പോകണോ എന്നറിയാത്ത അവസ്ഥയിൽ. ഇതുവരെ നടത്തിയ സർവേ വിവരങ്ങൾ സർക്കാറിന് കൈമാറുകയോ പഠനം തുടരുന്നത് സംബന്ധിച്ച് നിർദേശം ലഭിക്കുകയോ ചെയ്തിട്ടില്ല.
വിജ്ഞാപനം ഉടൻ പുതുക്കി ഇറക്കുമെന്ന് കെ-റെയിൽ അധികൃതർ അറിയിച്ചിരുന്നെങ്കിലും നടപടി ഉണ്ടായിട്ടില്ല. ഒരു മാസം കൂടി കാത്തിരിക്കാമെന്ന തീരുമാനത്തിലാണ് തങ്ങളെന്ന് കെ.വി.എച്ച്.എസ് എക്സിക്യൂട്ടിവ് ഓഫിസർ സാജു വി. ഇട്ടി പറഞ്ഞു. അഞ്ച് ജില്ലയിലെ സാമൂഹികാഘാതപഠനമാണ് കോട്ടയം ആസ്ഥാനമായ കെ.വി.എച്ച്.എസിനെ ഏൽപിച്ചിരുന്നത്. ആഗസ്റ്റിൽ സർക്കാർ അനുവദിച്ച കാലാവധി അവസാനിച്ചതോടെയാണ് പഠനം നിർത്തിയത്. കാസർകോട് -95 ശതമാനം, കണ്ണൂർ -60, കൊല്ലം -35, തിരുവനന്തപുരം -25 ശതമാനം എന്നിങ്ങനെയാണ് പഠനം പൂർത്തിയായത്. തൃശൂരിൽ പഠനം തുടങ്ങാനായിട്ടില്ല. കല്ലിട്ട സ്ഥലങ്ങളിലെല്ലാം പഠനം നടത്തി. കല്ലിടാൻ താമസമുണ്ടായതാണ് സർവേ വൈകാനും കാരണം.
കല്ലിടാത്തിടത്ത് എന്തുചെയ്യണമെന്ന് നിർദേശം നൽകിയിരുന്നില്ല. ജിയോ മാപ്പിങ് നിർദേശം വന്നത് മേയിലാണ്. ഉത്തരവിറങ്ങിയത് ജൂലൈ അവസാനവും. അപ്പോഴേക്കും കാലാവധി തീരാറായിരുന്നു. ഇനി പുതിയ വിജ്ഞാപനം വരണം. കെ.വി.എച്ച്.എസിനെ തന്നെ ഏൽപിക്കുകയാണെങ്കിൽ പഠനം തുടരും. അല്ലാത്തപക്ഷം ഇതുവരെയുള്ള പഠനറിപ്പോർട്ട് കൈമാറാനും സർവേ നടത്തിയതിനുള്ള പണവും തങ്ങളുടെ ചെലവും ആവശ്യപ്പെട്ട് കത്ത് നൽകാനുമാണ് തീരുമാനം. മറ്റൊരു ഏജൻസിയെയാണ് സർവേ ഏൽപിക്കുന്നതെങ്കിൽ എല്ലാം ആദ്യം മുതലേ തുടങ്ങേണ്ടിവരും. അത് വീണ്ടും സമയനഷ്ടത്തിനിടയാക്കും. സാമൂഹികാഘാതപഠനം പുനരാരംഭിക്കാമെന്നും പഴയ ഏജൻസികളെ ഏൽപിക്കാമെന്നും നിയമോപദേശം ലഭിച്ചിട്ടുണ്ടെങ്കിലും സർക്കാർ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.