തിരുവനന്തപുരം: സിൽവർലൈന്‍ മുന്നിലെ കേന്ദ്രതടസ്സങ്ങൾ നീക്കുന്നതിന് മെട്രോമാൻ ഇ. ശ്രീധരനെ മുൻ നിർത്തി സർക്കാർ നീക്കം. ഇതിന്റെ ഭാഗമായി ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി. തോമസും കെ-റെയിൽ ഉദ്യോഗസ്ഥരും ശ്രീധരനുമായി കൂടിക്കാഴ്ച നടത്തി.
പൊന്നാനിയിലെ ശ്രീധരന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. കേന്ദ്രസഹകരണത്തോടെ നടപ്പാക്കേണ്ട പദ്ധതിയാണെങ്കിലും സിൽവർലൈൻ പ്രായോഗികമല്ലെന്നാണ് കേന്ദ്ര നിലപാട്. ഈ സാഹചര്യത്തിലാണ് രാഷ്ട്രീയ വൈരം മറന്ന് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥി കൂടിയായ ശ്രീധരന്റെ സഹായത്തോടെ ഏതു വിധേനയും പദ്ധതിയുടെ അനുമതിക്കായി തീവ്രശ്രമം നടത്തുന്നത്. മുഖ്യമന്ത്രിയിൽനിന്ന് അനുവാദം വാങ്ങിയ ശേഷമായിരുന്നു തോമസിന്റെ ഇടപെടൽ.
കേരളത്തിന് അതിവേഗ പാത വേണമെന്ന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് മെട്രോമാൻ അഭിപ്രായപ്പെട്ടിരുന്നു. ഈ സാധ്യത പിടിവള്ളിയാക്കിയാണ് കെ-റെയിൽ സംഘം ശ്രീധരനെ സമീപിച്ചത്. ‘‘കേരളത്തിന് അതിവേഗ പാത വേണമെന്ന് ശ്രീധരൻ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നെന്നും ഈ വിഷയത്തിൽ അഭിപ്രായം ആരായാനാണ് അദ്ദേഹത്തെ സമീപിച്ചതെ’’ന്നും കെ.വി. തോമസ് മാധ്യമത്തോട് പറഞ്ഞു.
ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് നൽകാനുള്ള തന്റെ അഭിപ്രായങ്ങൾ എഴുതി നൽകാമെന്ന് ശ്രീധരന് അറിയിച്ചിട്ടുണ്ട്. അവ സ്വീകാര്യമാണെങ്കിൽ ഉൾക്കൊള്ളും. അല്ലെങ്കിൽ ഒഴിവാക്കും. സംസ്ഥാന സർക്കാറും കേന്ദ്രസർക്കാറും യോജിച്ചേ പദ്ധതി നടപ്പാക്കാനാവൂവെന്നും ഏകപക്ഷീയമായി നടക്കില്ലെന്നും തോമസ് കൂട്ടിച്ചേർത്തു.
അതേസമയം, സിൽവർലൈൻ പ്രയോഗികമല്ലെന്ന പഴയ നിലപാടിൽ ശ്രീധരൻ ഉറച്ചു നിൽക്കുകയാണ്. കെ.വി. തോമസുമായി കൂടിക്കാഴ്ച നടത്തിയ കാര്യം സ്ഥിരീകരിച്ച ശ്രീധരൻ നിലവിൽ വിഭാവനം ചെയ്യുന്ന പദ്ധതി അനുയോജ്യമല്ലെന്നും അടിവരയിട്ടു.
തിരുവനന്തപുരം: നിലവിൽ വിഭാവനം ചെയ്യും വിധമുള്ള സിൽവർ ലൈൻ പ്രായോഗികമല്ലെന്ന് ഇ. ശ്രീധരൻ ‘മാധ്യമ’ത്തോട് പറഞ്ഞു. ‘‘ഇതു കൊണ്ടുനടക്കൽ സാധിക്കില്ല. നോക്കിയിട്ട് കാര്യവുമില്ല. കേരളത്തിൽ പുതിയ അതിവേഗപാത വേണമെങ്കിൽ പുതിയ ഡി.പി.ആർ തയാറാക്കുകതന്നെ വേണം. ഉപരിതല പാത പ്രായോഗികമല്ല. ഒന്നുകിൽ തൂണുകളിലൂടെയോ അല്ലെങ്കിൽ ഭൂഗർഭമോ ആയിരിക്കണം.
ഇതിനുള്ള സാങ്കേതിക ഉപദേശം ആവശ്യമെങ്കിൽ താൻ നൽകാൻ തയാറാണ്. എന്നെ സംബന്ധിച്ച് ഇതൊരു രാഷ്ട്രീയകാര്യമല്ല. കേരളത്തിന് അതിവേഗപാത വേണം. പക്ഷേ, അതു നിലവിൽ വിഭാവനം ചെയ്യുന്ന സിൽവർലൈൻ അല്ല. ഇതുതന്നെയാണ് കേന്ദ്ര റെയിൽവേമന്ത്രിയും വ്യക്തമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.