തിരുവനന്തപുരം: വ്യാപക പ്രതിഷേധമുയരുന്ന സാഹചര്യത്തിൽ സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് ധവള പത്രമിറക്കാൻ സർക്കാർ ആലോചന. മുഖ്യമന്ത്രി വിളിച്ച പൗരപ്രമുഖരുടെ യോഗത്തിലടക്കം ധവളപത്രമിറക്കണമെന്ന് ആവശ്യമുയർന്നിരുന്നു. പ്രതിപക്ഷവും പരിസ്ഥിതി സംഘടനകളും എതിർപ്പ് കടുപ്പിക്കുകയും അതിരടയാള കല്ലിടലിനെതിരെ പ്രാദേശികമായി തന്നെ കടുത്ത ജനകീയ പ്രതിഷേധങ്ങൾ ഉയരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ധവളപത്രത്തിനുള്ള നീക്കം. നിലവിൽ കരടിനായുള്ള തയാറെടുപ്പുകൾ തുടങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രി ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം വിശദ ചർച്ച നടത്തും.
സിൽവർ ലൈൻ വിഷയത്തിൽ കെ-റെയിലിന്റെ നേതൃത്വത്തിൽ സമൂഹ മാധ്യമങ്ങളിലടക്കം അനുകൂല പ്രചാരണം നടക്കുന്നുണ്ടെങ്കിലും പൊതുജനത്തിന്റെ സംശയങ്ങൾ ദൂരീകരിക്കാനായിട്ടില്ല. വിഷയത്തിൽ പൗരപ്രമുഖരെ വിളിച്ചുചേർത്തുള്ള യോഗങ്ങൾ സർക്കാർ നടത്തിയിരുന്നു. എന്നാൽ, പൗരപ്രമുഖരെ മാത്രമേ മുഖ്യമന്ത്രി കാണുന്നുള്ളൂവെന്നും പദ്ധതിയുടെ ഇരകളെ അവഗണിക്കുകയാണെന്നും വിമർശനമുയർന്നിരുന്നു.
നിലവിലെ ഗതാഗത സംവിധാനങ്ങളുടെ പരിമിതികൾ, പൊതുഗതാഗതത്തിൽ സിൽവർ ലൈനിന്റെ പ്രസ്കതി, പ്രയോജനങ്ങൾ, സാമ്പത്തിക നേട്ടം, പരിസ്ഥിതി സൗഹാർദ സമീപനം, നിർമാണ രീതി, വായ്പയെടുക്കൽ, ശാസ്ത്രീയ പഠനങ്ങൾ പ്രകാരമുള്ള പ്രതീക്ഷിക്കുന്ന യാത്രക്കാർ, വരുമാനം, കടം തിരിച്ചടവ് തുടങ്ങിയ പദ്ധതി സംബന്ധിച്ച സമഗ്രവിവരങ്ങളാകും ധവളപത്രത്തിൽ ഉൾപ്പെടുത്തുക. ഇതിനിടെ, സിൽവർ ലൈനിനെ കുറിച്ച് വിശദാംശങ്ങൾ ഉൾപ്പെടുത്തി 50 ലക്ഷം കൈപ്പുസ്തകങ്ങൾ അച്ചടിക്കാനുള്ള തയാറെടുപ്പും നടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.