സിൽ​വർ ലൈൻ കല്ലിടൽ: ഇനി, തൃക്കാക്കര തെരഞ്ഞെടുപ്പ് കഴിഞ്ഞ്

തൃക്കാക്കര: തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതോടെ നിയമസഭയിൽ ഇടതുമുന്നണി 100 സീറ്റ് തികയ്ക്കു​െമന്ന് നേതാക്കൾ ആവർത്തിക്കുന്നു. ഇതിനനുസരിച്ചുള്ള കരുതലുമായാണ് സർക്കാറും മുന്നോട്ട് ​നീങ്ങുന്നത്. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ സില്‍വര്‍ ലൈന്‍ പാതയ്ക്കായി സര്‍വേ കല്ലുകള്‍ സ്ഥാപിക്കുന്നത് സര്‍ക്കാര്‍ താല്‍ക്കാലികമായി നിര്‍ത്തിയത് ഇതിന്റെ ഭാഗമാണെന്നാണ് സൂചന.

സ്വകാര്യ ഭൂമിയിലെ സര്‍വേ നടപടികള്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം സംസ്ഥാനത്ത് ഒരിടത്തും നടത്തിയിട്ടില്ല. സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ച ശേഷം കല്ലിടല്‍ പുനരാരംഭിച്ചാല്‍ മതിയെന്നാണ് കെ-റെയില്‍ നിലപാട്. വികസനത്തിനാണ് വോട്ട് ചോദിക്കുന്നതെന്ന് ഇടതുമുന്നണി ആവർത്തിക്കുമ്പോഴും കല്ലിടൽ വിനയാകുമെന്നാണ് നേതൃത്വത്തിന്റെ ആശങ്ക. തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചാൽ തെരഞ്ഞെടുപ്പ് പ്രചരണത്തെ ബാധിക്കും.

നേരത്തെ ജനകീയ പ്രതിഷേധം ശക്തമായപ്പോഴും വാശിയോടെയായിരുന്നു സര്‍വേ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോയത്. തിരുവനന്തപുരത്ത് സംവാദം നടന്ന ദിവസ​ം കണ്ണൂരില്‍ സര്‍വേയും പൊലീസ് നടപടികളും അരങ്ങേറി. ഇതിനുപുറമെ, സിൽ​വർ ലൈനിനെ അനുവദിക്കുന്നവർ തന്നെ, കല്ലിടൽ അനാവശ്യമാണെന്ന് സംവാദവേദിയിൽ അഭിപ്രായപ്പെട്ടിരുന്നു.

സ്വകാര്യ ഭൂമിയിലെ സര്‍വേ നടപടികള്‍ക്കെതിരായ പ്രതിഷേധം തുടരുമ്പോള്‍ റെയില്‍വേ ഭൂമിയില്‍ സര്‍വേ സാധ്യമാക്കാനുള്ള നീക്കം കെ-റെയില്‍ തുടങ്ങി. 145 ഹെക്ടര്‍ ഭൂമിയില്‍ റെയില്‍വേയുമായി ചേര്‍ന്നുള്ള സംയുക്ത പരിശോധന ആരംഭിക്കാനാണ് ശ്രമം. അടുത്ത ആഴ്ച തുടങ്ങാനാണ് കെ-റെയില്‍ ലക്ഷ്യമിടുന്നതെങ്കിലും കേന്ദ്ര റെയില്‍വേ മന്ത്രി തന്നെ പദ്ധതിയോട് എതിര്‍പ്പ് രേഖപ്പെടുത്തിയതിനാല്‍ റെയില്‍വേ എന്ത് സമീപനം സ്വീകരിക്കുമെന്നതില്‍ വ്യക്തതയില്ല. 

Tags:    
News Summary - Silver line : Now, after the Thrikkakara election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.