തിരുവനന്തപുരം: സിൽവർ ലൈൻ സാമൂഹികാഘാത സർവേ തുടരാമെന്ന ഹൈകോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് രാഷ്ട്രീയമായും നിയമപരമായും സർക്കാറിനും സി.പി.എമ്മിനും ആശ്വാസമായി. സിംഗിൾ ബെഞ്ചിന്റെ സ്റ്റേയും കല്ലിടലിനെതിരെ സമരസമിതിയും നാട്ടുകാരും ശക്തമായി രംഗത്തെത്തിയതും യു.ഡി.എഫിന്റെ രാഷ്ട്രീയ ആക്രമണവും സർക്കാറിനെ പ്രതിരോധത്തിലാക്കിയിരുന്നു. വികസന പദ്ധതിക്കുള്ള കോടതിയുടെ അംഗീകാരമായി ഉയർത്തിക്കാട്ടി സർക്കാറിന് മുന്നോട്ട് പോകാനുള്ള ലൈസൻസായാണ് സി.പി.എമ്മും എൽ.ഡി.എഫും വിധിയെ വ്യാഖ്യാനിക്കുന്നത്.
സമരസമിതിയും പ്രതിപക്ഷവും ഉയർത്തിയ നിരവധി ചോദ്യങ്ങളിൽനിന്ന് കൂടിയുള്ള പ്രതിരോധമാണ് വിധിയിലൂടെ സർക്കാറിന് ലഭിച്ചിരിക്കുന്നത്. ഡി.പി.ആർ വിശദാംശം അറിയിക്കണമെന്ന തലവേദന സർക്കാറിന് തൽക്കാലമെങ്കിലും നേരിടേണ്ടതില്ല. ഭൂമി ഏറ്റെടുക്കൽ നിർത്തിവെക്കുന്നത് നല്ലതെന്ന കേന്ദ്ര സർക്കാറിന്റെ നിലപാടിനെയും വിധി മറികടക്കുന്നെന്നാണ് സി.പി.എമ്മിന്റെ നിലപാട്.
സംസ്ഥാന വികസനത്തിന് എതിര് നിൽക്കുകയാണ് കേന്ദ്ര സർക്കാറെന്ന ആരോപണം കൂടുതൽ ശക്തമായി ഉന്നയിക്കാനുള്ള അവസരം കൂടി തുറന്നെന്നും വിലയിരുത്തുന്നു.
ബി.ജെ.പി- യു.ഡി.എഫ് അവിശുദ്ധ കൂട്ടുകെട്ട് എന്ന പ്രചാരണം രാഷ്ട്രീയമായി ഉപയോഗിക്കാനാണ് സി.പി.എം തീരുമാനം. വികസനത്തിന് തടസ്സം നിന്നവർക്കുള്ള തിരിച്ചടിയാണ് കോടതി വിധിയെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ പ്രതികരിച്ചത് ഇത് മുന്നിൽ കണ്ടുകൂടിയാണ്. 'കെ- റെയിൽ പദ്ധതിയെ ബി.ജെ.പിയും കോൺഗ്രസും ഒരുമിച്ച് എതിർക്കുകയാണ്. കേരളം വളരുന്നത് ബി.ജെ.പിക്ക് ഇഷ്ടമല്ലെന്നും' അദ്ദേഹം കുറ്റപ്പെടുത്തി. പാർട്ടിക്കുള്ളിൽ വളരുന്ന ആശങ്കകൾക്കിടയിലും പദ്ധതിക്ക് പൂർണ പിന്തുണ നൽകിയ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വിധി ആശ്വാസമായി. പാർട്ടിക്കുള്ളിൽ ഉയരുന്ന വിമർശനങ്ങൾക്ക് മുന്നിൽ വിശദീകരിക്കാനുള്ള ന്യായീകരണം കൂടിയായി വിധി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.