ഗായികയും അഭിനേത്രിയുമായ മച്ചാട്ട് വാസന്തി അന്തരിച്ചു

കോഴിക്കോട്: ആദ്യകാല നാടക, സിനിമ ഗായികയും അഭിനേത്രിയുമായ മച്ചാട്ട് വാസന്തി (81) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.

കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും വിപ്ലവ ഗായകനും റേഡിയോ ആർട്ടിസ്റ്റുമായ മച്ചാട് കൃഷ്ണന്‍റെയും കല്യാണിയുടെയും മകളായി കണ്ണൂർ കക്കാടാണ് വാസന്തിയുടെ ജനനം. കണ്ണൂരിൽ നടന്ന കിസാൻസഭ സമ്മേളന വേദിയിലാണ് വാസന്തി ആദ്യമായി പാടുന്നത്. വാസന്തിയെ വേദിയിലെത്തിക്കാൻ നിർദേശിച്ച ഇ.കെ. നായനാരാണ് ഒമ്പതുകാരിയെ വേദിയിലേക്ക് എടുത്തു കയറ്റിയതും.

വാസന്തിയുടെ ഗാനം അച്ഛൻ മച്ചാട് കൃഷ്ണന്‍റെ സുഹൃത്തായിരുന്ന എം.എസ്. ബാബുരാജിന് ഇഷ്ടമായി. കോഴിക്കോട് കല്ലായിയിലെ ബാബുരാജിന്‍റെ താമസസ്ഥലത്ത് എല്ലാ ദിവസവും രാവിലെ എത്തി വാസന്തി സംഗീതം അഭ്യസിച്ചു. ബാബുരാജ് ആദ്യമായി സംഗീത സംവിധാനം നിർവഹിച്ച 'തിരമാല' എന്ന സിനിമയിൽ വാസന്തി ആദ്യ ഗാനം ആലപിച്ചു.  തിരമാല എന്ന സിനിമ പുറത്തിറങ്ങിയില്ല. പിന്നീട് രാമു കാര്യാട്ടിന്‍റെ മിന്നാമിനുങ്ങ് എന്ന സിനിമയിൽ വാസന്തി ഗാനം ആലപിച്ചു.

നാടകത്തിലും സിനിമയിലും ആകാശവാണിയിലുമായി പതിനായിരത്തിലേറെ ഗാനങ്ങൾക്കാണ് വാസന്തി ശബ്ദം നൽകിയത്. നെല്ലിക്കോട് ഭാസ്കരന്‍റെ തിളക്കുന്ന കടൽ, ദേശപോഷിണിയുടെ ഈഡിപ്പസ്, ബഹദൂർ സംവിധാനം ചെയ്ത വല്ലാത്ത പഹയൻ, പി.ജെ. ആന്‍റണിയുടെ ഉഴുവുചാൽ, കുതിരവട്ടം പപ്പുവിനൊപ്പം രാജാ തിയറ്റേഴ്സിന്‍റെ കറുത്ത പെണ്ണ്, കെ.പി.എ.സിയുടെ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, തിക്കോടിയന്‍റെ നാടകങ്ങൾ അടക്കമുള്ളവയിൽ വാസന്തി അഭിനേത്രിയും ഗായികയുമായി.

ഓളവും തീരവും സിനിമയിൽ ബാബുരാജിന്‍റെ സംഗീതത്തിൽ യേശുദാസിനൊപ്പം പാടിയ ‘മണിമാരൻ തന്നത് പണമല്ല പൊന്നല്ലാ.. മധുരക്കിനാവിന്‍റെ കരിമ്പുതോട്ടം..’ എന്ന ഗാനം മച്ചാട്ട് വാസന്തിയെ ജനകീയയാക്കി. ഇതിനിടെ പ്രൊജക്ടർ ഓപറേറ്ററായിരുന്ന ബാലകൃഷ്ണനെ വാസന്തി വിവാഹം കഴിച്ചു. തുടർന്ന് നാടകങ്ങളിൽ മാത്രം ഗാനം ആലപിച്ച വാസന്തി, ഭർത്താവിന്‍റെ മരണത്തിന് പിന്നാലെ മുഴുവൻ സമയം പാട്ടുകാരിയായി മാറി. മുരളി, സംഗീത എന്നിവർ മക്കളാണ്.

Tags:    
News Summary - Singer and actress Machat Vasanthi passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.