കണ്ണൂർ: പത്തനംതിട്ടയിലേക്ക് സ്ഥലംമാറിയ എ.ഡി.എം കെ. നവീൻബാബുവിന്റെ മരണത്തിൽ പൊലീസ് രജിസ്റ്റർ ചെയ്തത് ഒറ്റകേസ് മാത്രം. ആത്മഹത്യയെന്ന നിലക്ക് അസ്വാഭാവിക മരണത്തിന് മാത്രമാണ് കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തത്. ആത്മഹത്യ പ്രേരണക്ക് കേസെടുത്തിട്ടില്ല. ഇതുസംബന്ധിച്ച് ആരും പരാതിയും നൽകിയില്ല. അന്വേഷണം സംബന്ധിച്ചും തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
അതിനിടെ, ജില്ല പഞ്ചായത്ത് പ്രസിഡന്റിന്റെ രാജിക്ക് സമ്മർദമേറി. ഇടതുമുന്നണിക്കകത്തും സി.പി.എമ്മിലും പി.പി. ദിവ്യക്കെതിരെ വിമർശനമുയർന്നിട്ടുണ്ട്. റവന്യൂ മന്ത്രി പരസ്യമായി തള്ളിപ്പറഞ്ഞതോടെ സി.പി.ഐ ഇവർക്കെതിരെ നിലപാട് കടുപ്പിക്കുന്നുവെന്നാണ് വിവരം. സി.പി.എം അനുകൂല സർവിസ് സംഘടനയിൽപെട്ട എ.ഡി.എമ്മിനും സി.പി.എമ്മുകാരായ കുടുംബവും എന്നതും പാർട്ടിയെ കുഴക്കുന്നു. സി.പി.എം പത്തനംതിട്ട ജില്ല കമ്മിറ്റി ദിവ്യക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുകഴിഞ്ഞു. ഇതിനു പിന്നാലെയാണ് ദിവ്യയെ ഏറക്കുറെ തള്ളിപ്പറയുന്ന നിലക്ക് കണ്ണൂർ ജില്ല കമ്മിറ്റി നിലപാട് എടുത്തത്. ആവശ്യമില്ലാത്തയിടത്ത് കയറിച്ചെന്ന് വിവാദം ക്ഷണിച്ചുവരുത്തിയെന്നാണ് പാർട്ടിക്കകത്തെ വിമർശനം.
ചേലേക്കര, പാലക്കാട്, വയനാട് ഉപതെരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചതും പ്രതിപക്ഷ സംഘടനകൾ പ്രതിഷേധം ഏറ്റെടുത്തതും ഇവരുടെ രാജിക്ക് സമ്മർദം കൂട്ടി. തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയിരിക്കുന്നതും പാർട്ടി ലോക്കൽ സമ്മേളനങ്ങളിലേക്ക് കടക്കുകയുംചെയ്ത വേളയിൽ പി.പി. ദിവ്യയെ സംരക്ഷിക്കുമോ എന്നതും പ്രധാനമാണ്.
ജില്ല പഞ്ചായത്ത് പ്രസിഡന്റിനെതിരെ വ്യാപക പരാതികളും സമൂഹ മാധ്യമങ്ങളിൽ ഉൾപ്പടെ ഉയരുന്നുണ്ട്. ജില്ല പഞ്ചായത്ത് പ്രസിഡന്റായ വേളയിൽ മുൻ പ്രസിഡന്റ് ഉപയോഗിച്ച കാർ വേണ്ടെന്നും പുതിയത് ആവശ്യപ്പെട്ടെന്നും ഇതിൽ അന്നത്തെ ജില്ല സെക്രട്ടറി താക്കീത് നൽകിയതും വീണ്ടും ചർച്ചയായി. ആഢംബരത്തോട് ഒപ്പം നിൽക്കുന്നുവെന്ന വിമർശനവും സമൂഹമാധ്യമങ്ങളിൽ ഉയരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.