കൊച്ചി: ഏകീകൃത സിവിൽ കോഡ് വിഷയത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കത്തോലിക്കാസഭയുടെ മുഖപത്രം. ഇന്ത്യൻ ഭരണഘടനയുടെ അന്തസ്സത്തയെ അപകടത്തിലാക്കുന്നതാണ് നിയമമെന്ന് ‘ഏകത്വമോ ഏകാധിപത്യമോ’ എന്ന തലക്കെട്ടിൽ ‘സത്യദീപം’ മുഖപ്രസംഗത്തിൽ ആരോപിക്കുന്നു. നിയമം മുസ്ലിം വിരുദ്ധം മാത്രമല്ലെന്നും മുഖപ്രസംഗം ചൂണ്ടിക്കാണിക്കുന്നു.
മതാധിഷ്ഠിത ദേശീയത ഏറെ പ്രാമുഖ്യം നേടിക്കൊണ്ടിരിക്കുന്ന ദേശരാഷ്ട്ര സംവിധാനത്തിൽ ഭൂരിപക്ഷത്തിന്‍റെ നിയമവുമായി ന്യൂനപക്ഷ നിയമം സന്ധി ചെയ്യണമെന്ന മട്ടില്‍ അവതരിപ്പിക്കപ്പെടുന്ന ഏകീകൃത സിവില്‍ കോഡ് യഥാർഥത്തില്‍ ഭരണഘടനയെ അട്ടിമറിക്കുകയാണ്. ഇത് ഭാരതത്തിന്‍റെ നാനാത്വം ഇല്ലാതാക്കും. ദൂരവ്യാപക പ്രഹരശേഷിയുള്ള നിയമമാണിതെന്നും മുഖപ്രസംഗം ആരോപിക്കുന്നു.
പ്രചരിപ്പിക്കപ്പെടുന്നതുപോലെ ഇത് മുസ്ലിം വിരുദ്ധ നീക്കം മാത്രമെല്ലന്ന് ഇതിന്‍റെ പ്രയോഗ വൈപുല്യം ബോധ്യപ്പെടുത്തുന്നു. ആദിവാസി ഗോത്ര വിഭാഗങ്ങൾ, ദലിതർ, ഭാഷാ ന്യൂനപക്ഷങ്ങൾ തുടങ്ങിയവരുടെ അസ്തിത്വം തന്നെയും അസ്ഥിരമാക്കുന്ന ദൂരവ്യാപക പ്രഹരശേഷിയുള്ളതാണ് ഏക വ്യക്തിനിയമം. നടപ്പാക്കൽ രാഷ്ട്രീയപ്രേരിതമാണെന്നതിന് ഏറ്റവും വലിയ തെളിവ് പൊതു തെരഞ്ഞെടുപ്പ് ഒരുക്കം തന്നെയാണ്. രാജ്യത്തുടനീളം തുല്യവേതനം, സാർവത്രിക വിദ്യാഭ്യാസം, തൊഴിലുറപ്പുപോലെ മനുഷ്യാവകാശ സ്വഭാവമുള്ള മറ്റ് നിർദേശങ്ങൾ ഭരണഘടനയുടെ സ്വഭാവമായ സമത്വത്തെ അതിഗാഢമാംവിധം നിർണയിക്കുമ്പോൾ തന്നെയാണ് ഭരണഘടനയുടെ പതിനാല് നിർദേശക തത്ത്വങ്ങളിൽ ഒന്നുമാത്രമായ ഏക വ്യക്തിനിയമം നടപ്പാക്കാനുദ്യമിക്കുന്നത് എന്നത് തെരഞ്ഞെടുപ്പ് രാഷ്ട്രീയ ലക്ഷ്യം വ്യക്തമാക്കുന്നു.
ഒരു ഭാഷ, ഒരു മതം, ഒരു തെരഞ്ഞെടുപ്പ് എന്നീ ഏകീകരണ വഴിയിലേക്ക് ഏകവ്യക്തിനിയമം എന്ന പുതിയ അസംബന്ധം കൂടി കൂട്ടിച്ചേര്‍ക്കുമ്പോള്‍ ഫെഡറല്‍ സ്വഭാവ സവിശേഷതയാര്‍ന്ന രാഷ്ട്രശരീരത്തെയാണ് വികലമാക്കുന്നത് എന്ന രൂക്ഷവിമർശനത്തോടെയാണ് മുഖപ്രസംഗം അവസാനിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.