കഴക്കൂട്ടം (തിരുവനന്തപുരം): സർക്കാർ ശിപാർശ തള്ളി ചാൻസലറായ ഗവർണർ വി.സിയുടെ ചുമതല നൽകിയ ഡോ. സിസ തോമസ് പ്രതിഷേധത്തിനിടെ സാങ്കേതിക സർവകലാശാലയിലെത്തി ചുമതലയേറ്റു. എസ്.എഫ്.ഐയുടെയും ഇടത് അനുകൂല ജീവനക്കാരുടെ സംഘടനയായ കെ.ജി.ഒ.എയുടെയും പ്രതിഷേധ വലയം ഭേദിച്ചാണ് രാവിലെ ഒമ്പതേ മുക്കാലോടെ സിസ തോമസ് എത്തിയത്. ചുമതലയേറ്റെടുത്തത് രേഖപ്പെടുത്താനുള്ള രജിസ്റ്റർ സിസ തോമസിന് നൽകാത്ത അസാധാരണ നടപടിയും സർവകലാശാലയിലുണ്ടായി.
സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ച പേരുകള്‍ രാജ്ഭവന് തള്ളിയാണ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ സീനിയർ ജോയന്റ് ഡയറക്ടറായ ഡോ. സിസ തോമസിന് വി.സിയുടെ താൽക്കാലിക ചുമതല നല്‍കിയത്. പുതിയ വി.സിയെ സർവകലാശാല കവാടത്തിൽ തന്നെ എസ്.എഫ്.ഐ പ്രവർത്തകർ തടഞ്ഞു. തുടർന്ന് പൊലീസിന്റെ അകമ്പടിയോടെ വി.സി അകത്തേക്ക് പ്രവേശിച്ചു. സർവകലാശാലക്കകത്ത് ഇടത് അനുകൂല സംഘടന പ്രവർത്തകർ പ്രതിഷേധിച്ചു. പൊലീസും പ്രവർത്തകരുമായി ഉന്തുംതള്ളുമുണ്ടായി.
പ്രതിഷേധം പ്രതീക്ഷിച്ചിരുന്നെന്നും പുതിയ വി.സി വരുന്നതുവരെ താൻ ചുമതല നിർവഹിക്കുമെന്നും സിസ തോമസ് പറഞ്ഞു. സർവകലാശാലയുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. ഇതൊക്കെ പരിഹരിക്കേണ്ടതുണ്ടെന്നും ഡോ. സിസ തോമസ് വ്യക്തമാക്കി. രജിസ്ട്രാർ സ്ഥലത്തില്ലാത്തതിനാലാണ് രജിസ്റ്റർ നൽകാത്തതെന്നാണ് സർവകലാശാലയുടെ വിശദീകരണം. അസി. രജിസ്ട്രാർ ഉൾപ്പെടെയുള്ളവർ പ്രതിഷേധത്തിൽ പങ്കെടുക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് പേപ്പറിൽ ജോയനിങ് റിപ്പോർട്ട് രേഖപ്പെടുത്തി രാജ്ഭവനെ രേഖാമൂലം അറിയിച്ചാണ് വിസിയുടെ ചുമതല ഏറ്റെടുത്തത്. തുടർന്ന് ഉച്ചയോടെ പൊലീസ് സുരക്ഷയിൽ വി.സി പുറത്തേക്ക് പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.