കോഴിക്കോട്: ഇടതിന് തുടർഭരണം വന്നാൽ നാട് തകരുമെന്ന മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുടെ പരാമർശത്തിന് മറുപടിയുമായി സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ആന്റണിയുടെ പ്രസ്താവന സി.പി.എമ്മിനെകുറിച്ച് അറിയാത്തതിനാലെന്ന് യെച്ചൂരി പറഞ്ഞു. എൽ.ഡി.എഫ് സർക്കാർ തുടരുന്നത് സർവനാശമാണോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. കേരളത്തിലെ ഭരണം തുടരണമോ എന്നും ജനങ്ങളാണ് തീരുമാനിക്കുന്നത്. വ്യക്തിയുടെ വിശ്വാസം സംരക്ഷിക്കാൻ പാർട്ടി പ്രതിജ്ഞാബദ്ധമാണെന്നും യെച്ചൂരി വ്യക്തമാക്കി.
ഇടതിന് തുടർഭരണം വന്നാൽ നാട് തകരുമെന്നും ആ നാശം ഒഴിവാക്കാൻ യു.ഡി.എഫ് വരണമെന്നും ഇന്നലെ വാർത്താസമ്മേളനത്തിൽ ആന്റണി പറഞ്ഞിരുന്നു. പിണറായി ഭരണം ഇനി വരാതിരിക്കാൻ ജനം യു.ഡി.എഫിന് വോട്ട് ചെയ്യണം. െഎശ്വര്യകേരളത്തിനും ലോകോത്തര കേരളത്തിനുമായി യു.ഡി.എഫ് പ്രഖ്യാപിച്ച പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കാൻ യു.ഡി.എഫ് വരേണ്ടതുണ്ട്.
ഇത്രയേറെ ജനങ്ങളോട് യുദ്ധം ചെയ്ത, ജനവികാരത്തെ ചവിട്ടിമെതിച്ച, ഏകാധിപത്യ പ്രവണതയും പിടിവാശിയും കാട്ടിയ ഒരു സർക്കാർ ഉണ്ടായിട്ടില്ല. തൊഴിലില്ലായ്മ സർവകാല റെക്കോഡിലെത്തിയിട്ടും അവശേഷിക്കുന്ന തൊഴിലവസരങ്ങൾപോലും പാർട്ടിക്കാർക്ക് വേണ്ടിയാക്കി. അമേരിക്കൻ കമ്പനിക്ക് കേരളത്തിന്റെ ആഴക്കടൽ തീറെഴുതാൻ ശ്രമിച്ച സർക്കാറാണിത്.
വിശ്വാസികളെ ഇത്രയേറെ മുറിപ്പെടുത്തിയ സർക്കാർ വേറെയുണ്ടായിട്ടില്ല. ശബരിമല പ്രശ്നത്തിൽ വിധി വന്നശേഷം എല്ലാവരുമായി ആലോചിച്ചേ തീരുമാനമെടുക്കൂവെന്ന് ഇപ്പോൾ പറയുന്ന മുഖ്യമന്ത്രിക്ക് നേരത്തേ അത് ആകാമായിരുന്നില്ലേ. ഇത്രയൊക്കെ കാണിച്ചിട്ടും വീണ്ടും ഇടതുമുന്നണിക്ക് അവസരം കിട്ടിയാൽ ജനത്തിനോ പാർട്ടിക്കോ പ്രതിപക്ഷത്തിനോ മാധ്യമങ്ങൾക്കോ നിയന്ത്രണമില്ലാത്ത, തന്നിഷ്ടം പ്രവർത്തിക്കുന്ന ഏകാധിപത്യ ശൈലിയിലേക്ക് പോകും. അങ്ങനെയൊരു ഭരണം വന്നുകൂടായെന്നും ആന്റണി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.