കൊല്ലം: എസ്.എൻ.ഡി.പിക്കെതിരെ ഗുരുതര ആരോപണവുമായി സി.പി.എം ദേശീയ ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിയും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും. എസ്.എൻ.ഡി.പിയിൽ സംഘ്പരിവാർ നുഴഞ്ഞുകയറിയെന്നായിരുന്നു യെച്ചൂരിയുടെ ആരോപണം. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊല്ലത്ത് നടന്ന സി.പി.എം ദക്ഷിണ മേഖല റിപ്പോർട്ടിങ്ങിൽ ആയിരുന്നു പരാമർശം.
സി.പി.എമ്മിന് ലഭിച്ചിരുന്ന എസ്.എൻ.ഡി.പി വോട്ടുകളിൽ ചോർച്ചയുണ്ടായി. അത് തിരികെ കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾ വേണം. വെള്ളവും മത്സ്യവും പോലെയാണ് സി.പി.എമ്മും ജനങ്ങളും തമ്മിലുള്ള ബന്ധം. ജനങ്ങളുടെ ഇടയിലേക്ക് പാർട്ടി കൂടുതൽ ഇറങ്ങിച്ചെല്ലണം. ചെറുപ്പക്കാരെ ആകർഷിക്കാൻ കഴിയണം. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ദയനീയ പരാജയം ഉണ്ടായിട്ടും നിയമസഭ തെരഞ്ഞെടുപ്പിൽ തിരിച്ചുവരാൻ എൽ.ഡി.എഫിന് കഴിഞ്ഞു. വരും നാളുകളിലും അതിന് സമാനമായ പ്രവർത്തനം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എസ്.എൻ.ഡി.പി ശാഖ യോഗങ്ങളിൽ സംഘ്പരിവാർ അനുകൂലികളെ തിരുകിക്കയറ്റുന്നുവെന്നായിരുന്നു എം.വി ഗോവിന്ദന്റെ ആരോപണം. എതിരഭിപ്രായമുള്ള കമ്മിറ്റികൾ പിരിച്ചുവിട്ട് പുതിയ കമ്മിറ്റികൾ രൂപവത്കരിക്കുന്ന സ്ഥിതിയുണ്ട്. നവോത്ഥാന പ്രസ്ഥാനമായ എസ്.എൻ.ഡി.പിയിലെ ഈ പ്രവണതയെ ചെറുത്ത് തോൽപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ക്ഷേമപെൻഷൻ വൈകിയത് ജനങ്ങൾക്കിടയിൽ എതിർപ്പുണ്ടാക്കുകയും ഇത് സി.പി.എമ്മിന് തിരിച്ചടിയാവുകയും ചെയ്തു. സർക്കാരും പാർട്ടിയും ജനങ്ങളും പരസ്പര പൂരകങ്ങളാകണം. ജനങ്ങളുടെ മനസ്സറിയാൻ താഴെ തട്ടിലുള്ള സി.പി.എം നേതാക്കൾക്ക് കഴിയുന്നില്ലെന്നും എസ്.എഫ്.ഐയിലെ ചില പ്രവണതകൾ ജനങ്ങളിൽ അവമതിപ്പുണ്ടാക്കിയെന്നും അദ്ദേഹം വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.