കോഴിക്കോട്: വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണ് ബി.ജെ.പി സർക്കാർ ഏക സിവിൽകോഡ് നടപ്പാക്കാനൊരുങ്ങുന്നതെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അതാത് വിഭാഗങ്ങൾ തന്നെയാണ് സമത്വത്തിനായുള്ള കാലോചിതമായ മാറ്റങ്ങൾ കൊണ്ടു വരേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഏക സിവിൽകോഡിൽ നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.
ഏക സിവിൽകോഡിൽ സി.പി.എം സംഘടിപ്പിക്കുന്ന സെമിനാർ ഇന്നാണ് നടക്കുന്നത്. സെമിനാറിൽ പങ്കെടുക്കുന്നതിനായാണ് യെച്ചൂരി കോഴിക്കോട്ടേക്ക് എത്തിയത്. യെച്ചൂരിയാണ് സെമിനാറിന്റെ ഉദ്ഘാടകൻ. അതേസമയം, കോൺഗ്രസിനെ മാറ്റിനിർത്തിയ പ്രഖ്യാപനത്തോടെ തന്നെ സെമിനാറിന്റെ രാഷ്ട്രീയ അജണ്ട മറനീക്കിയിരുന്നു. വിഷയത്തിൽ വ്യക്തമായ നിലപാടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസിനെ മാറ്റിനിർത്തിയതെങ്കിൽ വ്യക്തിനിയമങ്ങളിൽ സി.പി.എമ്മിന്റെ വ്യക്തത എന്താണെന്ന മറുചോദ്യം ഉയർത്തിയാണ് കോൺഗ്രസ് നേരിട്ടത്. സി.പി.എം താത്ത്വികാചാര്യൻ ഇ.എം.എസ് നമ്പൂതിരിപ്പാട് അടക്കം എടുത്ത ശരീഅത്ത് വിരുദ്ധ നിലപാടുകളും കോൺഗ്രസ് ഉയർത്തി.
പ്രതിരോധത്തിലായ സി.പി.എം, യു.ഡി.എഫ് ഘടകകക്ഷിയായ മുസ്ലിം ലീഗിനെ സെമിനാറിലേക്ക് ക്ഷണിച്ച് രാഷ്ട്രീയ അജണ്ടകൾക്ക് നിറം പകർന്നു. പങ്കെടുക്കുന്നതു സംബന്ധിച്ച തീരുമാനമെടുക്കുന്നതിലുള്ള അനിശ്ചിതത്വം ലീഗിനകത്ത് വിമർശനങ്ങളുയർത്തിയപ്പോൾ പാണക്കാട്ട് അടിയന്തര നേതൃയോഗം ചേർന്ന്, സെമിനാറിൽ ലീഗ് പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചു.
യു.ഡി.എഫിൽ വിള്ളലുണ്ടാക്കാനുള്ള സി.പി.എം തന്ത്രം ഇതോടെ പൊളിഞ്ഞെങ്കിലും ലോക്സഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയ നേട്ടത്തിനുള്ള അവസരമായി സെമിനാർ മാറുമെന്നാണ് സി.പി.എമ്മിന്റെ പ്രതീക്ഷ. വിവിധ മത വിഭാഗങ്ങളെ ബാധിക്കുന്നതാണെങ്കിലും ഇതൊരു മുസ്ലിം വിഷയമാക്കി ഉയർത്തി സമുദായ പിന്തുണ ഉറപ്പാക്കുകയെന്ന തന്ത്രമാണ് സി.പി.എം ഉയർത്തുന്നതെന്ന വിമർശനവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.